പത്തനംതിട്ട: 1952ൽ സ്ഥാപിതമായ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു നടക്കും. മലങ്കര ഓർത്തഡോക്സ് സഭ മാനേജ്മെന്റി​നു കീഴിൽ ആദ്യമായി ആരംഭിച്ച കോളജാണിത്. സ്ഥാപകൻ പുത്തൻകാവിൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ ജന്മശതോത്തര രജതജൂബിലിയും ഇക്കൊല്ലം ആഘോഷിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ഭവനങ്ങളുടെ നിർമാണം ഇക്കൊല്ലം കോളജ് എറ്റെടുത്തു നടത്തും. 70 കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ അടക്കം പുതിയ പദ്ധതികളും ഒരുവർഷം നീളുന്ന സപ്തതിയുടെ ഭാഗമായി ഏറ്റെടുക്കും. 16 പിജി കോഴ്സുകൾ, 13 യുജി കോഴ്സുകൾ, എട്ട് ഗവേഷണ കേന്ദ്രങ്ങൾ, ഇഗ്നോ സ്റ്റഡി സെന്റർ അടക്കം എംജി സർവകലാശാലയുടെ കീഴിലെ ഏറ്റവും വലിയ കലാലയമായി കാതോലിക്കേറ്റ് കോളജ് മാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. കോളജ് മാനേജർ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത പുത്തൻകാവിൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അനുസ്മരണം നടത്തും. കോളജ് ഏറ്റെടുക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. കോളജിലെ റിസർച്ച് ആൻഡ് ഡവലപ്മെന്റി​ന്റെ ഭാഗമായി മന്ത്രി വീണാ ജോർജ് കൊമേഴ്സ്യൽ പ്രോഡക്ട് പുറത്തിറക്കും. മന്ത്രി ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, ഭദ്രാസന സെക്രട്ടറി റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ പ്രസംഗിക്കും. കോളജ് ബർസാർ ഡോ.സുനിൽ ജേക്കബ്, സപ്തതി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഫാ.തോംസൺ റോബി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.