1
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യരും ഓണം വാരാഘോഷ സമാപന വേദിയിൽ പാട്ടു പാടുന്നു.

അടൂർ : നാടൻപാട്ട് പാടി ഡെപ്യൂട്ടി സ്പീക്കറും ജില്ലാകളക്ടറും നിറഞ്ഞവേദിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓണം വാരാഘോഷത്തിന് സമാപനമായി. സംഘാടകരുടെ ആവശ്യപ്രകാരമാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും നാടൻപാട്ടുമായി വേദിയിൽ എത്തിയത്. താരക പെണ്ണാളെ... എന്ന പാട്ട് കളക്ടറും ഡെപ്യൂട്ടി സ്പീക്കറും ചേർന്ന് ആലപിച്ചപ്പോൾ താളം ചവിട്ടിയും കൂടെ പാടിയും സദസ്സും ഒപ്പം കൂടിയപ്പോൾ അടുത്ത പാട്ടു പാടാനായി പന്തളം നഗരസഭ ചെയർപേഴ്സൺ സുശീലാസന്തോഷും വേദിയിലെത്തി. പാലോം പാലോം... എന്ന നാടൻപാട്ട് പാടി ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും കാണികളുടെ കൈയടി നേടി. അടൂർ ഗവ. ഹോസ്പിറ്റൽ ജംഗ്‌ഷനിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര തുടങ്ങി. ഗാന്ധിസ്മൃതി മൈതാനത്ത് സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ ദിവ്യ എസ് അയ്യർ, പ്രമോദ് നാരായണൻ.എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സിനിമാ താരങ്ങളായ മധുപാൽ, ജയൻ ചേർത്തല, മോഹൻ അയിരൂർ, സാറാതോമസ്, സിനിമതാരം ഗൗരി ജി.കൃഷ്ണൻ, നഗരസഭാചെയർമാൻ ഡി.സജി, വൈസ് ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ നന്ദി പറഞ്ഞു.