 
പത്തനംതിട്ട : കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപ ഉടമസ്ഥനെ തിരഞ്ഞ് കണ്ടു പിടിച്ച് മടക്കി നൽകി ഇടപ്പെരിയാരം സ്വദേശി കെ.ജി രാജൻ. ഒരു ലക്ഷം രൂപയും ആധാറും പാൻകാർഡും എ.ടി.എം കാർഡുമടക്കമാണ് ഇലന്തൂർ ഇടപ്പെരിയാരം സ്വദേശി റിട്ട.എസ്.ഐ ബി.ഡി ബാലന് നഷ്ടമായത്. തിങ്കളാഴ്ച ബാങ്കിൽ നിക്ഷേപിക്കാനായി പണവുമായി വീട്ടിൽ നിന്നിറങ്ങിയതാണ് ബാലനും ഭാര്യ രത്നമ്മയും. ഷോപ്പിംഗും സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിലടക്കം കേറിയിട്ടാണ് ഇവർ മടങ്ങിയത്. ബാങ്കിലെത്തി പണം നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടന്ന വിവരം മനസിലായത്. എം.ടി.എം അടക്കം പോയ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ബാഗ് കണ്ടെത്താനായില്ല. അവിചാരിതമായി ഇലന്തൂരിലെ എ.ടി.എമ്മിൽ കേറിയ പ്രദേശവാസി രാജൻ ഭിത്തിയിൽ ചാരി വച്ചിരിക്കുന്ന ബാഗ് കാണുകയായിരുന്നു. തുറന്ന് നോക്കിയപ്പോൾ പൈസയും കാർഡും ലഭിച്ചു. പാൻ കാർഡിൽ അഡ്രസും ലഭിച്ചതോടെ പ്രദേശവാസികളോ് വിവരം പറയുകയും ഉടമസ്ഥന്റെ അഡ്രസ് മനസിലാക്കി പണം തിരികെ നൽകുകയുമായിരുന്നു.