പത്തനംതിട്ട : വിദ്യാഭ്യാസത്തിൽ തൊഴിലധിഷ്ഠിത പരിശീലനം അനിവാര്യമാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പേ ശ്രീനാരായണ ഗുരുദേവൻ ഉദ്ബോധിപ്പിച്ചതാണെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻപ്രസിഡന്റ് അഡ്വ:സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ ഉളവക്കാട് ശ്രീനാരായണപുരം ശാഖാ യോഗത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാന്യാസം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളോട് ചേർന്ന് തൊഴിൽ പരിശീലന സൗകര്യവും ഏർപ്പെടുത്തണമെന്ന് ഗുരു നിർദ്ദേശിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ അടിസ്ഥാന തത്വങ്ങളായ അഷ്ടലക്ഷ്യങ്ങളിൽ വിദ്യാഭ്യാസം, കൃഷി, വാണിജ്യം എന്നിവ ഉൾപ്പെടുത്തിയത് ഗുരുവിന്റെ പ്രായോഗിക വിദ്യാഭ്യാസ ദർശനത്തിന്റെ തെളിവാണ്. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ ആഴവും പരപ്പും ശരിയായി ഗ്രഹിക്കണമെങ്കിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിൽ കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിത പശ്ചാത്തലം മനസിലാക്കണം. തീണ്ടൽ ജാതിക്കാരായ വിദ്യാർത്ഥികളെ വരേണ്യ വർഗത്തിൽപ്പെട്ട ഗുരുക്കന്മാർ എറിഞ്ഞ് അടിക്കുന്ന രീതി അക്കാലത്ത് സർവ്വ സാധാരണമായിരുന്നു. താഴ്ന്ന ജാതിക്കാർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചു. ഇതിൽ നിന്ന് സ്വതന്ത്രരാകാൻ കാലോചിതമായ വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ കഴിയുമെന്ന് ഗുരു വിശ്വസിച്ചു. കുമാരനാശാനെ ഉന്നതവിദ്യാഭ്യാസത്തിനായി അന്യദേശത്തയയ്ക്കാൻ അദ്ദേഹം ഉത്സാഹിച്ചത് ഈ കാഴ്ചപ്പാടുമൂലമാണെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശാഖായോഗം പ്രസിഡന്റ് കെ .ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു .യൂണിയൻ കൗൺസിലർ എസ് .ആദർശ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ബി. സുധാകരൻ ക്ഷേത്രം തന്ത്രി മെഴുവേലി വാസുദേവ ചൈതന്യ ,ശ്രീധരൻ ,ഗംഗാധരൻ ,സജീവ് ,വനിതാ സംഘം പ്രസിഡന്റ് ശിവപ്രഭ സെക്രട്ടറി ലീജിന,ലളിത എന്നിവർ സംസാരിച്ചു രാവിലെ ഗുരു ക്ഷേത്രത്തിൽ ഗുരുസുപ്രഭാതം മഹാഗണപതി ഹോമം,സമൂഹ പ്രാർത്ഥന, ദീപാർപ്പണം, മംഗളാരതി, പ്രസാദവിതരണം എന്നീ ചടങ്ങുകളും നടന്നിരുന്നു.