റാന്നി: എസ്.എൻ.ഡി.പി യോഗം പെരുനാട് സംയുക്ത സമിതി നടത്തിയ ചതയാഘോഷത്തിനെതിരെ ബി.ജെ.പി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിൽ യൂത്ത്മൂവ്മെന്റ് റാന്നി യൂണിയൻ പ്രതിഷേധിച്ചു. ചതയാഘോഷത്തിൽ ശ്രീനാരായണീയർ പങ്കെടുത്തില്ല എന്നു വരുത്തിത്തീർക്കാൻ ഒഴിഞ്ഞ കസേരകളുടെ ഫോട്ടോയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ചതയാഘോഷത്തിൽ മുമ്പെങ്ങുമില്ലാത്ത ജന പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്ന് കിലോമീറ്റർ ദൂരം നടന്ന് ക്ഷീണിച്ചു വന്ന പ്രവർത്തകർ വെള്ളം കുടിക്കാൻ പോയ തക്കംനോക്കി ഒഴിഞ്ഞ കസേരകളുടെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യൂത്ത് മൂവ്മെന്റ് യോഗം ചൂണ്ടിക്കാട്ടി. ഭാരവാഹികളായ ദീപു കണ്ണൻ, കിഷോർ പെരുനാട്, രഞ്ജു വലിയകാവ് എന്നിവർ സംസാരിച്ചു.