ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവം ഭക്തിസാന്ദ്രമായി. പ്രയാർ പള്ളിയോടം ജേതാക്കളായി. ജലോത്സവത്തിന് മുന്നോടിയായി തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ തിടമ്പ് ആനപ്പുറത്തേറ്റി മത്സര വേദിയായ മുറിയായിക്കരയിലെത്തിച്ചു. തുടർന്നു നറുക്കെടുപ്പിലൂടെ പ്രയാർ പള്ളിയോടം തിടമ്പേറ്റാൻ തിരഞ്ഞെടുക്കപ്പെട്ടു. ആറു പള്ളിയോടങ്ങൾ പങ്കെടുത്ത ജലഘോഷയാത്ര പാണ്ടനാട് അടിച്ചിക്കാവ് ദേവീക്ഷേത്രക്കടവിൽ ആചാരപരമായ സ്വീകരണം ഏറ്റുവാങ്ങി. അടിച്ചിക്കാവ് ദേവസ്വം പ്രസിഡന്റ് ജയചന്ദ്രകുമാർ, ഗോപാലകൃഷ്ണപിള്ള, ഗിരീഷ്‌കുമാർ, ഗോപിനാഥൻപിള്ള, രാജേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി. മത്സരവള്ളംകളിയിൽ എ ബാച്ചിൽ പ്രയാർ പള്ളിയോടം എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. മഴുക്കീർ, വെൺപാല പള്ളിയോടങ്ങൾ രണ്ടും, മൂന്നും സ്ഥാനങ്ങളിലെത്തി. ബി ബാച്ചിൽ വന്മഴി പള്ളിയോടം ജേതാക്കളായി.
സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ആർ.ഡി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ, വത്സല മോഹൻ, സുരേഷ് വെൺപാല, പി.വി. സജൻ, മനോജ്കുമാർ, സജു ഇടക്കല്ലിൽ, മുരളീധരൻ ഹരിശ്രീ, കെ.കെ. ജയരാമൻ എന്നിവർ പ്രസംഗിച്ചു.