 
അടൂർ: ടൗണിലെ ഉപറോഡിന്റെ ഇരുവശവും വാഹനപാർക്കിംഗ് കേന്ദ്രമായതോടെ യാത്രക്കാർ ദുരിതത്തിലായി. നഗരസഭ അഞ്ചാം വാർഡിലെ കോടതിപ്പടി - ഡിക്സൺ - കെ.പി റോഡിലാണ് ഇൗ സ്ഥിതി. കെ.പി. റോഡിൽ നിന്ന് കോടതി റവന്യൂ ടവർ, പൊലീസ് സ്റ്റേഷൻ,ആർ.ഡി ഒ ഓഫീസ് എന്നിവിടങ്ങളിലേക്കും പന്നിവിഴ ഭാഗത്തേക്കും ഇതുവഴിയാണ് പോകുന്നത്. റവന്യൂടവറിലെ സർക്കാർ ഓഫീസുകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വരുന്നവർ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്തശേഷമാണ് പോകുന്നത്. രാവിലെ ഒമ്പത് മണിക്ക് റോഡരികിൽ ഇരുഭാഗത്തുമായി വാഹനഗതാഗതത്തിന് തടസം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സന്ധ്യ കഴിഞ്ഞേ മാറ്റാറുള്ളു. അതുവരെ കാൽ നടയാത്ര പോലും ബുദ്ധിമുട്ടാണ്. കുത്തിറക്കമുള്ള റോഡിലെ പാർക്കിംഗ് അപകടത്തിനും കാരണമാകും. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. റോഡരികിലെ കടകളിൽ കയറാനും ബുദ്ധിമുട്ടാണ്. പൊലീസ് നടപടി വേണമെന്നാണ് ആവശ്യം,.