അടൂർ : പൈപ്പുപൊട്ടി വെള്ളം പാഴായിട്ടും അധികൃതർക്ക് നിസംഗത. എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ആസ്ഥാനത്തിന് മുന്നിലാണ് ആയിരക്കണക്കിന് ലിറ്റർ ജലം ആർക്കും പ്രയോജനമില്ലാതെ പാഴാകുന്നത്. രണ്ടാഴ്ചയിലധികമായി ഇതാണ് സ്ഥിതി. വാട്ടർ അതോറിറ്റി അധികൃതരെ പല തവണ വിവരം അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. കുടുംബശ്രീയുടെ ഒാണം വിപണനമേളയ്ക്ക് പവലിയൻ നിർമ്മിക്കുന്നതിനിടയിലാണ് പൈപ്പുപൊട്ടിയത്. പരിസരമാകെ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇതോടെ യൂണിയന്റെ ഗ്രൗണ്ടിലേക്ക് പോകേണ്ട വാഹനങ്ങൾക്ക്, ഇൗ വഴിയടച്ച് ബൈക്കുകൾ പാർക്ക് ചെയ്യുന്നതിനാൽ അതിന് കഴിയുന്നില്ല. പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് കരാർ തൊഴിലാളികൾ ഇല്ലെന്നാണ് അധികൃതരുടെ വാദം.

പള്ളിക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനിന്റെ ഒരുഭാഗത്താണ് ചോർച്ച . ഇതോടെ പള്ളിക്കൽ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ പലയിടത്തും ഒാണക്കാലത്തും കുടിവെള്ളവിതരണം മുടങ്ങി. അടൂർ ശുദ്ധജലവിതരണ പദ്ധതിയിലെ പലയിടങ്ങളിലും ഇത്തരത്തിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. ചിരണിക്കൽ പ്ളാന്റിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വെള്ളം കടത്തിവിടുന്ന പ്രധാന പൈപ്പ് ലൈൻ ചിരണിക്കൽ മുതൽ പറക്കോട് ജംഗ്ഷൻ വരെ വിവിധയിടങ്ങിൽ പൊട്ടി വെള്ളം പാഴാവുകയാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഇത്തരത്തിൽ പാഴാകുന്നതിനാൽ പലപ്രദേശങ്ങളിലും ഒാണക്കാലത്തും കുടിവെള്ള വിതരണം മുടങ്ങി.

പൈപ്പുപൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം.

അഡ്വ. മണ്ണടി മോഹൻ

കൺവീനർ ,എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ