തിരുവല്ല: ഓണക്കാല അവധിക്കുശേഷമുള്ള ആദ്യത്തെ പ്രവൃത്തി ദിനത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ വരുമാനത്തിൽ സർവകാല റെക്കാഡ് കൈവരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് 10,14,855 രൂപ കളക്ഷൻ നേടി പ്രതിദിന വരുമാനത്തിൽ ഡിപ്പോ എക്കാലത്തെയും വലിയ നേട്ടം സ്വന്തമാക്കിയത്. 42 ബസുകൾ മാത്രം സർവീസ് നടത്തി ജില്ലയിൽ ഏറ്റവുമധികം കളക്ഷൻ നേടിയതും തിരുവല്ല ഡിപ്പോയാണ്. കിലോമീറ്റർ പ്രകാരം (ഇ.പി.കെ.എം) 63.61 രൂപ കളക്ഷൻ നേടാനായി. ഒരു ബസിന് 24,163 രൂപ ശരാശരി വരുമാനവും ലഭിച്ചു. കൊവിഡിന് ശേഷം പരമാവധി എട്ട് ലക്ഷത്തിൽ താഴെയായിരുന്നു പ്രതിദിന വരുമാനം. ഓണക്കാലത്ത് ദിവസവും അഞ്ചുലക്ഷത്തിന് മുകളിലായിരുന്നു വരുമാനം. 50 ബസുകൾ സർവീസ് നടത്തി 8.8 ലക്ഷം രൂപയാണ് ഡിപ്പോ ലക്ഷ്യമിട്ടിരുന്നതെങ്കിലും അതും മറികടന്ന് മുന്നേറാൻ ഇപ്പോൾ സാധിച്ചു. നഷ്ടത്തിലായിരുന്ന സർവീസുകൾ കുറച്ച് ദീർഘദൂര സർവീസുകൾ വർദ്ധിപ്പിച്ചതും നേട്ടമായി. തെക്കൻ മേഖലയിലെ വരുമാനം കൂടുതൽ ലഭിക്കുന്ന ഡിപ്പോകളിൽ തിരുവല്ലയും ഉൾപ്പെടും. ദേശസാൽകൃത റൂട്ടുകളിൽ ഉൾപ്പെടെ കൂടുതൽ സർവീസുകൾ നടത്തിയാൽ ഡിപ്പോയുടെ വരുമാനം വർദ്ധിപ്പിച്ച് നിലനിറുത്താനാകും.