തിരുവല്ല: മാർത്തോമ്മാ സഭയുടെ 182.29 കോടിയുടെ ബഡ്ജറ്റിന് പ്രതിനിധി മണ്ഡലത്തിൽ അംഗീകാരം നൽകി. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത ഭവന നിർമ്മാണ, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് അഞ്ച് കോടി രൂപ ഉൾപ്പെടുത്തി. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്തയുടെ പട്ടത്വ സുവർണ്ണ ജൂബിലി പദ്ധതിയിൽ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് സഹായം നൽകുന്നതിനും സ്വന്തമായി ഭവനം ഇല്ലാത്തവർക്ക് ഭവന നിർമ്മാണത്തിനും അഞ്ച് കോടി രൂപ വകയിരുത്തി. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജീവിതവും ദർശനവും ഉൾക്കൊള്ളിച്ചുള്ള പുസ്തക പ്രകാശനം, വീഡിയോ നിർമ്മാണം എന്നിവയ്ക്ക് 12 ലക്ഷവും സഭാ ഓഫീസ് സെക്രട്ടേറിയറ്റ് നിർമ്മാണത്തിന് അഞ്ച് കോടിയും ചെലവഴിക്കും. ആത്മായ ട്രസ്റ്റി രാജൻ ജേക്കബ് ബഡ്ജറ്റ് അവതരിപ്പിച്ചു.