
പത്തനംതിട്ട : ശബരിമല തീർത്ഥാടനം തുടങ്ങാൻ രണ്ടുമാസം ശേഷിക്കെ മുന്നൊരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 30 വകുപ്പുകളാണ് ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഈ വകുപ്പുകളുടെ ഏകോപനത്തിനായി നിയമ നിർമ്മാണം നടത്തണം. ശബരിമലയുടെ ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. റാന്നി പെരുനാട്, ളാഹ ,കോന്നി തുടങ്ങിയ ഇടത്താവളങ്ങളിൽ ദീർഘവീക്ഷണത്തോടു കൂടിയ പദ്ധതികൾ നടപ്പാക്കണം. തീർത്ഥാടനത്തെ ജില്ലാ അടിസ്ഥാനത്തിൽ കാണാൻ പാടില്ല. സംസ്ഥാനത്തിന്റെ മൊത്തം തീർത്ഥാടനമായി കണ്ട് നടപടികൾ സ്വീകരിക്കണം. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. മാസ്റ്റർ പ്ലാൻ എത്രയും വേഗം നടപ്പിലാക്കണം. ഹൈക്കോടതി നിർദ്ദേശിച്ച 17 റോഡുകളുടെയും അനുബന്ധ റോഡുകളുടെയും സംരക്ഷണത്തിന് ശബരിമല റോഡ്‌സ് ഡിവിഷൻ രൂപീകരിക്കണം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അയ്യപ്പഭക്തരെയാണ്, വെർച്വൽ ക്യൂ സമ്പ്രദായം ഏറെ ബുദ്ധിമുട്ടിക്കുന്നത്. അവരുടെ വ്രതം പൂർത്തിയാകുന്ന സമയത്തും അവരാഗ്രഹിക്കുന്ന ദിവസങ്ങളിലും ദർശനത്തിനെത്തുന്നതിനും ഒരു സംഘമായി വരാനാഗ്രഹിക്കുന്നവരിൽ എല്ലാവർക്കും വെർച്വൽ ക്യൂവിൽ ബുക്കിംഗ് ലഭിക്കാതെ വരുമ്പോഴും ഏറെ ബുദ്ധിമുട്ടുകളാണ് സ്യഷ്ടിക്കുന്നതെന്നും അഡ്വ. വിജയകുമാർ പറഞ്ഞു. ഇത്തരത്തിൽ നിരവധി തീർത്ഥാടകർ തീർത്ഥാടനം തന്നെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. വെർച്വൽ ക്യൂ നിയന്ത്രണം, ദേവസ്വം ബോർഡ് ഏറ്റെടുത്തതും, കൊവിഡ് കാലത്ത് നിറുത്തിവച്ച പരമ്പരാഗത ആചാരങ്ങൾ, പുനരാരംഭിക്കാൻ തീരുമാനിച്ചതും സ്വാഗതാർഹമാണ്. പമ്പയിലേക്ക് ചെറുവാഹനങ്ങളെ കടത്തി വിടണം. ഇവിടെ മൂവായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. കെ.എസ്.ആർ.ടി.സി പത്തനംതിട്ടയിലും ബേസ് ക്യാമ്പായ നിലയ്ക്കലിലും ബസുകൾ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.