pullad
തകർ‌ന്നുകിടക്കുന്ന പുല്ലാട് - ചെറുകോൽപ്പുഴ റോഡ്. പുല്ലാട് ശ്രീനാരായണ ഗുരുമന്ദിരത്തിന് മുന്നിൽ നിന്നുള്ള കാഴ്ച.

പുല്ലാട് : ആത്മാവ് ജംഗ്ഷനിലെ കപ്പക്കടയിൽ സുകുച്ചേട്ടൻ ഒറ്റയ്ക്കാണ് ഇരുപ്പ്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയും ആൾത്തിരക്കുള്ള കടയായിരുന്നു. കപ്പ വാങ്ങാനും വെറ്റില മുറുക്കാനുമായി നിരവധി പേർ ഇവിടെ എത്തിയിരുന്നു. സുകുച്ചേട്ടൻ ഇപ്പോൾ വലിയ രോഷത്തിലാണ് - '' ദിവസം പത്ത് കിലോ വരെ കപ്പ വിറ്റ ദിവസങ്ങളുണ്ട്. ഇപ്പോൾ മൂന്ന് കിലോ വിറ്റാലായി. കടയിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതിനു കാരണം റോഡ് ഇങ്ങനെ നശിച്ചു കിടക്കുന്നതാണ് ''.

പുല്ലാട് - ചെറുകാേൽപ്പുഴ റോഡിലൂടെ സഞ്ചരിക്കാൻ അധികമാരും തയ്യാറല്ല. റോഡാകെ പൊളിഞ്ഞു കിടക്കുന്നു. മഴ ശമിച്ചപ്പോൾ പൊടി പറത്തി കുഴികൾ കയറിയിറങ്ങി ലോറികൾ കടന്നുപോകുന്നു. മഴയായിരുന്നപ്പോൾ ചെളി തെറിപ്പിച്ചായിരുന്നു യാത്രകൾ. റോഡിങ്ങനെ തകർന്നു കിടന്നിട്ട് ഒന്നര വർഷത്തിലേറെയായി. നാല് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന റോഡിൽ ഇപ്പോൾ ഒന്നുമാത്രമായി ചുരുങ്ങി. തകർന്ന റോഡിലൂടെ ഒാടാൻ കഴിയില്ലെന്ന അവർ പറയുന്നുണ്ട്. ആത്മാവ് ജംഗ്ഷനിൽ ഒാട്ടോ സ്റ്റാൻഡ് ഉണ്ടായിരുന്നതും നിറുത്തലാക്കി. ഇനി റോഡ് നന്നാക്കിയിട്ട് തുടങ്ങാമെന്ന് പറഞ്ഞ് ഒാട്ടോറിക്ഷക്കാർ വേറെ സ്റ്റാൻഡുകളിലേക്ക് മാറി. അത്യാവശ്യത്തിന് ഒാട്ടം വിളിച്ചാൽ പുല്ലാട് - ചെറുകോൽപ്പുഴ റോഡിലൂടെ ആരും വരില്ല.

റോഡിലെ കുഴിയിലും ചെളിയിലും വീണവർ നിരവധിയാണ്. അടുത്തിടെ സ്കൂട്ടറിൽ സ്കൂളിലേക്കുപോയ അമ്മമാരും കുട്ടികളും കുഴിയിൽ വീണു.

തർക്കം മൂത്തു, കരാറുകാരൻ കൈവിട്ടു

വാട്ടർ അതോറിറ്റിയും പൊതുമരാമത്തും തമ്മിലുള്ള തർക്കം കാരണമാണ് റോഡ് ടാറിംഗ് നടക്കാത്തതെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോറിറ്റിക്കാർ പൈപ്പ് കുഴിച്ചിട്ടത് ആവശ്യത്തിന് ആഴത്തിൽ അല്ലെന്ന് പൊതുമരാമത്തുകാരുടെ വാദം. ഇൗ സ്ഥിതിയിൽ റോഡ് ടാർ ചെയ്താൽ പൈപ്പ് പൊട്ടി ടാറിംഗ് പൊളിയും. വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജനപ്രതിനിധികൾ തയ്യാറായില്ല. റോഡിന്റെ അവസ്ഥയിൽ സഹികെട്ട നാട്ടുകാർ പത്തനംതിട്ട പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു. കുഴികളിൽ മെറ്റലിട്ട് നിരത്തിയതല്ലാതെ പരിഹാരമുണ്ടായില്ല. ഒന്നര വർഷം മുൻപ് നല്ല നിലയിൽ കിടന്ന റോഡിനെ പുനരുദ്ധരിക്കാൻ ജെ.സി.ബി ഉപയോഗിച്ച് മാന്തിപ്പൊളിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയിലാക്കിയത്.

'' റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പാേകും. ജനപ്രതിനിധികൾ നാടിന്റെ പ്രശ്നങ്ങൾ കാണുന്നില്ല.

അശോകൻ പുല്ലാട്, ആക്ഷൻ കൗൺസിൽ ചെയർമാൻ.