dog

പത്തനംതിട്ട : തെരുവുനായ ശല്യം രൂക്ഷമായതോടെ ജില്ലയിൽ എട്ട് ഹോട്ട് സ്പോട്ടുകൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തി. മൂന്ന് നഗരസഭകളും അഞ്ച് ഗ്രാമപഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. പത്തനംതിട്ട, തിരുവല്ല, അടൂർ നഗരസഭകളും ഏറത്ത്, പള്ളിക്കൽ, വടശേരിക്കര, തുമ്പമൺ, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളുമാണ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്താകെ 170 തദ്ദേശസ്ഥാപനങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. നായയുടെ കടിയേറ്റ് ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണം മാനദണ്ഡമാക്കിയാണ് ഹോട്ട് സ്‌പോട്ട് കണക്കാക്കുന്നത്. പ്രതിമാസ കണക്കിൽ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിച്ചിട്ടുള്ളത്.
വീടുകളിൽ നിന്നു പുറന്തള്ളുന്ന നായ്ക്കളും തെരുവുനായ്ക്കളുടെ കൂട്ടത്തിൽ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് കണ്ടെത്തൽ. നഗരസഭാപ്രദേശങ്ങളിലാണ് ഇത്തരം നായ്ക്കളെ കൂടുതലായി കണ്ടുവരുന്നത്. മുന്തിയ ഇനത്തിൽപെട്ട ആക്രമണകാരികളായ നായകളും ഇതിൽപ്പെടും. ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, മത്സ്യം, മാംസ വിപണനശാലകൾ, തട്ടുകടകൾ ഇവ കേന്ദ്രീകരിച്ചാണ് നായ്ക്കളുടെ വാസം. തിരുവല്ല, പത്തനംതിട്ട നഗരസഭകളിലെ പബ്ലിക് സ്റ്റേഡിയം പരിസരങ്ങൾ തെരുവുനായ്ക്കളുടെ താവളങ്ങളായി മാറിയിട്ടുണ്ട്.

15 ദിവസം, കടിയേറ്റവർ 533

ജില്ലയിൽ 2022 ജനുവരി മുതൽ ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് 10,707 പേർക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം ഇക്കൊല്ലം വളരെ കൂടുതലാണ്. സെപ്തംബറിൽ മാത്രം ഇതുവരെ 533 പേരെ നായ കടിച്ചു. ഇതിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ കടിയേറ്റത് 103 പേർക്കാണ്.
തെരുവുനായ്ക്കൾ കൂടാതെ വളർത്തുനായ്ക്കളിൽ നിന്നു കടിയേൽക്കേണ്ടിവന്നവരും കണക്കുകളിലുണ്ട്. 2021ൽ 12 മാസത്തിനിടെ 11,350 പേർക്കാണ് നായയുടെ കടിയേറ്റത്. ഇക്കൊല്ലം അടുത്ത നാല് മാസം കൂടിയാകുമ്പോൾ കഴിഞ്ഞവർഷത്തേതിന്റെ ഇരട്ടിയോളം ആളുകൾ നായ്ക്കളുടെ ആക്രമണത്തിനു ഇരയായേക്കും.

കടിയേറ്റവർ -

ഈ വർഷം ഇതുവരെ : 10,707

ഇന്നലെ മാത്രം : 51 പേർ