അടൂർ : നഗരഹൃദയത്തിലെ ഇരട്ടപ്പാലങ്ങൾ തുറന്നു നൽകുന്നതോടെ അടൂരിന് പുതിയമുഖം ലഭിക്കും. ഒക്ടോബർ 5 ന് മുൻപ് പാലങ്ങൾ തുറക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സമയബന്ധിതമായി പണികൾ പൂർത്തീകരിക്കുന്നതിന് കർശന നിർദ്ദേശം നൽകിയത്. ഇരട്ടപ്പാലങ്ങൾ തുറന്ന് കൊടുക്കാത്തതു സംബന്ധിച്ച് മാസങ്ങളായി വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. ഇരട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡുകളുടെയും നഗരസൗന്ദ്യര്യ വൽക്കരണത്തിന്റെയും പണികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഒരു വർഷം കൊണ്ട് തീരേണ്ട നഗരസന്ദ്യര്യ വൽക്കരണ പ്രവർത്തനങ്ങൾ അനന്തമായി ഇഴഞ്ഞുനീങ്ങുകയാണ്. കരാറുകാരന്റെ ഉദാസീന നടപടിയാണ് ഇതിന് വഴിതെളിച്ചത്. ഇത് സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുചേർത്ത് വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയത്. ഇതിനെ തുടർന്ന് അടൂർ ഇരട്ടപ്പാലവുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളുടെ നിമ്മാണം വേഗത്തിലായി. ഇതിന്റെ ഭാഗമായി ഒാട്ടോറിക്ഷ പാർക്കിംഗിനുള്ള സ്ഥലം കഴിഞ്ഞ ദിവസം മെറ്റലിട്ട് ഉറപ്പിച്ചു. ആനയടി - കൂടൽ റോഡിൽ പൈപ്പുകൾ മാറ്റിയിടേണ്ട ഭാഗത്തെ നടപടികളും ഉടൻ പൂർത്തിയാക്കും. അടൂർ റിംഗ് റോഡിന്റെ ഫൈനൽ അലൈൻമെന്റ് ഒക്ടോബർ 3 ന് മുൻപ് പൂർത്തിയാക്കി സമർപ്പിക്കുന്നതിനും ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.