 
അടൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അടൂർ പൊലീസ് കാപ്പാ നിയമപ്രകാരം ജയിലിലടച്ചു. പറക്കോട് മറ്റത്ത് കിക്കേതിൽ വീട്ടിൽ തൗഫീഖി (ഷാമോൻ - 32 ) നെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ, പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില, കഞ്ചാവ് ഉല്പന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് തൗഫീഖ്. കഴിഞ്ഞ ഏപ്രിലിൽ പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മൂന്ന് മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്കൊപ്പം കൂട്ടുപ്രതികളായിട്ടുള്ള പറക്കോട് സ്വദേശികളായ അജ്‌മൽ, നിർമൽ ജനാർദ്ദനൻ, ഇജാസ് റഷീദ് എന്നിവരെ കാപ്പാ നിയമ പ്രകാരം തടങ്കലിലാക്കിയിട്ട് ദിവസങ്ങളെ ആകുന്നുള്ളു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം, അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സി.ഐ ടി.ഡി.പ്രജീഷ്, എസ്.ഐമാരായ വിപിൻ കുമാർ, ധന്യ.കെ.എസ് തുടങ്ങിയവരുണ്ടായിരുന്നു.