
ചെങ്ങന്നൂർ: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിംഗ് നടത്തിയത് ചോദ്യം ചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു. മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തിൽ അർജുനൻ (29), കൊച്ചേത്ത് മേലേതിൽ സുനീഷ്. എസ് (28), ആർ.കെ നിലയത്തിൽ വിഷ്ണു (31)എന്നിവരെയാണ് പിടികൂടിയത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി.കഴിഞ്ഞ 9നാണ് ആക്രമണം നടന്നത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ-. യുവതിയുടെ വീടിനുസമീപം ഓണാഘോഷ പരിപാടി നടക്കുന്നിടത്ത് പ്രതികൾ ബൈക്ക് റേസിംഗ് നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പടെ നിൽക്കുന്നിടത്ത് ബൈക്ക് റേസിംഗ് നടത്തിയതിനെ യുവതി ചേദ്യം ചെയ്തു. ഇതോടെ യുവാക്കൾ ക്ഷുഭിതരായി. പേടിച്ചരണ്ട യുവതി വീട്ടിൽ കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം ഇവരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ്.ഐ എം.സി അഭിലാഷ്, സിവിൽപൊലീസ് ഓഫീസർമാരായ സിജു, ഷൈൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.