ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് ഏഴാം വാർഡിലെ സ്വകാര്യ ഭൂമിയിലെ കുന്നിടിച്ച് വീട് നിർമ്മാണത്തിനായി വൻതോതിൽ മണ്ണ് കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലത്തുനിന്നാണ് 378 ലോഡ് മണ്ണ് കടത്തുവാനുള്ള പാസ് ജിയോളജി വകുപ്പ് നൽകിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പ്രദേശത്തെ ഇരുപതോളം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നത് പഞ്ചായത്തിൽ നിന്നാണ്. ഗൃഹനിർമ്മാണത്തിനായി ഇത്തരത്തിൽ പാസ് നൽകിയത് കേരള മിനറൽ ആൻഡ് മൈനിംഗ് ചട്ടങ്ങൾക്ക് വിരുദ്ധമാണന്നും ഇത് പരിസ്ഥിതിയെയും കുടിവെള്ള ലഭ്യതയെയും രൂക്ഷമായി ബാധിക്കുമെന്നും വാർഡംഗം പുഷ്പകുമാരി പറഞ്ഞു.
അതേസമയം മണ്ണെടുക്കാൻ അനുമതിയില്ലാത്ത സമീപത്തെ മറ്റൊരു സർവേ നമ്പരിലുള്ള ഭൂമിയിൽ നിന്ന് മൂന്നു ലോഡ് മണ്ണ് കടത്തിയെന്നും ഇതിന് പിഴ ചുമത്തിയെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. ഈ ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ് സ്റ്റോപ്പ് മെമ്മോയും നൽകി.