പത്തനംതിട്ട :നഗരത്തിലെ 13,14,21 വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന മണ്ണുങ്കൽ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. വാർഡ് കൗൺസിലർ എ .അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
പതിനാലാം വാർഡിൽ 8 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസ്രോതസ് നവീകരിച്ചാണ് പദ്ധതിക്കാവശ്യമായ ജലം സംഭരിക്കുന്നത്. വാർഡിലെ ഉയർന്ന പ്രദേശത്ത് സ്ഥാപിക്കുന്ന ടാങ്കിലേക്ക് പ്രഷർ ഫിൽട്ടർ മോട്ടോർ ഉപയോഗിച്ച് ജലം എത്തിച്ച് പ്രതിദിനം 40,000 ലിറ്റർ ജലം വിതരണത്തിന് നൽകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
വാൽവുകൾ വഴി ജലവിതരണം ക്രമീകരിച്ച് എല്ലാ പ്രദേശങ്ങളിലേക്കും ആവശ്യാനുസരണം ജലം ലഭിക്കത്തക്കവിധമാണ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം. പത്തനംതിട്ട നഗരസഭ 56 ലക്ഷം രൂപ മുതൽമുടക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
നഗരത്തിലാകെ ചെറുകിട കുടിവെള്ള പദ്ധതികൾ വ്യാപിക്കുന്നതിന്റെ ഭാഗമായി പതിനേഴാം വാർഡിൽ നഗരസഭ 20 ലക്ഷം രൂപ മുതൽ മുടക്കിയുള്ള പേങ്ങാട്ട് മുരുപ്പ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരത്തിലെ ആയിരം വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.