orkodu-thottiyad-road
തകർന്നു കിടക്കുന്ന തിങ്കളാമുറ്റത്തെ ഓർക്കോട് തോട്ടിയാട് ജലധാര ബണ്ട് റോഡ്

ചെങ്ങന്നൂർ: ഫണ്ടുലഭിച്ചപ്പോൾ പഞ്ചായത്ത് രജിസ്ട്രറിൽ നിന്നും റോഡ് അപ്രത്യക്ഷമായി. പുലിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തിങ്കളാമുറ്റം ഓർക്കോട് - തോട്ടിയാട് ജലധാര ബണ്ട് റോഡാണ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ നിന്നും അപ്രത്യക്ഷമായത്. പുലിയൂർ പഞ്ചായത്തിൽ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് പുനർനിർമ്മിക്കാൻ സജി ചെറിയാൻ എം.എൽ.എയാണ് ഫണ്ട് അനുവദിച്ചത്. പടിഞ്ഞാറു ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി പൂർണമായും തകർന്ന് തോട്ടിൽ പതിച്ചതോടെ മഴക്കാലത്ത് തോട്ടിൽ നിന്നും വെള്ളം റോഡ് കവിഞ്ഞ് എതിർവശത്തെ നെൽവയലിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. പൂർണമായും തകർന്ന റോഡ് സംരക്ഷണ ഭിത്തിയടക്കം പുനർനിർമിക്കാനാണ് എം.എൽ.എ. ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ബ്ലോക്കിൽ നിന്നും റോഡിന്റെ എസ്റ്റിമേറ്റ് എടുത്ത ശേഷം റോഡ് ഉൾപ്പെട്ട ആസ്തി രജിസ്റ്ററിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചായത്തിന്റെ രജിസ്റ്ററിൽ നിന്നും റോഡ് അപ്രത്യക്ഷമായത് അറിയുന്നത്. നിലവിലെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല റോഡുകളുടേയും അളവു വിവരങ്ങൾ തെറ്റാണെന്നും ആക്ഷേപമുണ്ട്. നേരത്തെയും പഞ്ചായത്തിൽ നിന്നും റോഡ് രജിസ്റ്റർ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട് . കാൽനടയാത്ര പോലും ചെയ്യാൻ കഴിയാത്ത വിധം തിങ്കളാമുറ്റം - തോട്ടിയാട് റോഡ് തകർന്നുകിടക്കുകയാണ്. സമീപത്തെ വാർഡായ നൂറ്റവൻപ്പാറയിലെ ജനങ്ങളടക്കം ഗ്രാമസഭയിൽ പങ്കെടുക്കാൻ തിങ്കളാമുറ്റത്തെ സ്കൂളിലേക്ക് വരുന്നത് ഈ റോഡിലൂടെയാണ്.

കമ്പ്യൂട്ടർവത്ക്കരിച്ചപ്പോഴുള്ള പിഴവ്

പഞ്ചായത്ത് രജിസ്റ്ററിൽ നിന്നും റോഡിന്റെ പേര് പോയിട്ടും സംഭവം വേണ്ടപ്പെട്ടവർ അറിഞ്ഞിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അലംഭാവവും മൂലം നിലവിലുണ്ടായിരുന്ന റോഡ് രജിസ്റ്ററിൽ ഉൾപ്പെട്ടവ കമ്പ്യൂട്ടർവത്കരിച്ചപ്പോൾ കൃത്യമായി ചേർത്തിട്ടില്ല. 2010ൽ പഞ്ചായത്തിൽ നിന്നും റോഡ് രജിസ്റ്റർ തന്നെ കാണാതായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് പുതിയ രജിസ്റ്റർ തയാറാക്കിയപ്പോൾ ഓർക്കോട് തോട്ടിയാട് ജലധാര ബണ്ട് റോഡുണ്ടായിരുന്നതായും പറയപ്പെടുന്നു.

...........
പേരിൽ വ്യത്യാസം ഉണ്ടാകാം. രജിസ്റ്ററിൽ നിന്നും പോയിട്ടില്ല. ഗ്രാമീണ റോഡിന്റെ പേര് കമ്പ്യൂട്ടർവത്കരിച്ചപ്പോൾ മാറിപോയിട്ടുണ്ടാവാം. റോഡ് രജിസ്റ്ററിലുണ്ട്. റോഡ് നിർമ്മാണത്തിനായി മതിയായ രേഖകൾ തയാറാക്കിയിട്ടുണ്ട്.

എം.ജി. ശ്രീകുമാർ

പഞ്ചായത്ത് പ്രസിഡന്റ്

.................

പകർപ്പ് കിട്ടിയിട്ടില്ല ഒന്നര ആഴ്ച മുൻപ് എസ്റ്റിമേറ്റ് നടപടികൾ നടത്തിയപ്പോൾ പഞ്ചായത്തിൽ നിന്നും റോഡ് ഉൾപ്പെട്ട ആസ്തി രജിസ്റ്ററിന്റെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. തരാമെന്ന് പറഞ്ഞിരുന്നു. ഇതുവരെ കിട്ടിയിട്ടില്ല

( ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്)​