ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് മൃഗാശുപത്രിയിൽ രാത്രികാല ഡോക്ടറെ താത്കാലികമായി നിയമിച്ചു . ഡോക്ടർമാരുടെ അഭാവത്തിൽ മുളക്കുഴയിൽ പഞ്ചായത്തംഗവും നാട്ടുകാരും ചേർന്ന് പശുവിന്റെ പ്രസവമെടുത്തിരുന്നു. തുടർന്ന് മുളക്കുഴ പഞ്ചായത്തംഗം പ്രമോദ് കാരയ്ക്കാട് മന്ത്രി ജെ. ചിഞ്ചുറാണിക്കും വകുപ്പിനും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാല ഡോക്ടറെ താത്കാലികമായി നിയമിച്ചു. 10 പഞ്ചായത്തുകൾക്ക് ഒരു ഡോക്ടർ എന്ന നിലയിലാണ് നിയമനം. ഇത് ശാശ്വത പരിഹാരമല്ലെങ്കിലും, ചെങ്ങന്നൂർ മണ്ഡലത്തിലെ ക്ഷീരകർഷകർക്ക് നടപടി ആശ്വാസമാണ്. സ്ഥിരമായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികൾക്കായി ശക്തമായ ഇടപെടൽ നടത്തുമെന്ന് പ്രമോദ് കാരയ്ക്കാട് പറഞ്ഞു.