photo
വള്ളിക്കോട് തൃക്കോവിൽ ഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്

വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്തിലെ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. ഒരാഴ്ചയായി പൈപ്പ് പെട്ടി റോഡിൽ തോടുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതേ തുടർന്ന് പ്രദേശത്ത് കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് കാരണം രണ്ട് കുടുംബങ്ങൾക്ക് വീട്ടിലേക്ക് കയറാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വികസനം നടക്കുന്ന കൈപ്പട്ടൂർ - വള്ളിക്കോട് റോഡിലാണ് പൈപ്പ് പൊട്ടൽ. ഇതേ തുടർന്ന് വള്ളിക്കോടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ കൈപ്പട്ടൂർ, നരിയാപുരം, വെള്ളപ്പാറ,മൂന്നാംകലുങ്ക് പ്രദേശങ്ങളിലെ നിരവധി ഉപഭോക്താക്കളുടെ കുടിവെള്ളമാണ് പാഴാകുന്നത്.

പഴിചാരി വകുപ്പുകൾ

അധികൃതരുടെ അനാസ്ഥയെ തുടർന്ന് കുടിവെള്ളം പാഴാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടാനാണ് ജല അതോറി​റ്റിയും പൊതുമരാമത്ത് വകുപ്പും ശ്രമിക്കുന്നത്. തങ്ങളെ അറിയിക്കാതെ പി.ഡബ്‌ളുയു.ഡി കരാറുകാർ അശാസ്ത്രീയമായി മണ്ണെടുക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ജല അതോറി​റ്റി അധികൃതർ പറയുന്നത്. കരാറുകാർ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ തൃക്കോവിൽ ഭാഗത്തെ പൈപ്പുപൊട്ടൽ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ജല അതോറി​റ്റിയെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ദിവസങ്ങളോം ഇവർ എത്താതിരുന്നതിനാലാണ് റോഡിൽ പണി തുടങ്ങിയതെന്നും കരാറുകാർ പറഞ്ഞു. ഇരു വകുപ്പുകയും തമ്മിലുള്ള ആശയവിനിമയം വേണ്ട രീതിയിൽ നടക്കാത്തത് മൂലം റോഡ് പണിക്കിടെ പൈപ്പ് പൊട്ടുന്നത് പതിവാണ്. ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളുമാണ്. വെള്ളക്കെട്ടും കുടിവെള്ളം മുടങ്ങലും പതിവായതോടെ ജല അതോറി​റ്റിക്കും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനുമെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.