തിരുവല്ല: നഗരത്തിന് ഓണക്കാലത്ത് അപൂർവ കാഴ്ചകൾ ഒരുക്കിയ ഓണം ഫെസ്റ്റ് നാളെ സമാപിക്കും. വിനോദത്തിനൊപ്പം വിജ്‍ഞാനവും സമന്വയിപ്പിച്ച് വിവിഡ് എന്റർടെയ്ൻമെന്റ് തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച മേളയിൽ വർണ്ണമത്സ്യങ്ങൾ നിറഞ്ഞ അക്വേറിയവും വൈവിദ്ധ്യങ്ങളായ പക്ഷികളെയും ജന്തുക്കളെയും ഉൾപ്പെടുത്തിയ പെറ്റ്സ് ഷോയുമെല്ലാം കാഴ്ചക്കാർക്ക് വിരുന്നായിരുന്നു. മനുഷ്യരുമായി ഇണങ്ങിജീവിക്കുന്ന ആഫ്രിക്കൻ തത്തകളുടെ വലിയ നിരതന്നെ ഇവിടെയുണ്ട്. ഉൾവനത്തിലെ അനുഭവം പങ്കിടുന്ന റോബോട്ടിക് ഷോയിലെ കാട്ടാനയും ഭീമൻകരടിയും സിംഹരാജാവും ഇവയുടെ യഥാർത്ഥശബ്ദവും വിസ്മയങ്ങളായി. ഓണക്കാലത്ത് ഓഫറുകളുടെ സുന്ദരമായ ഷോപ്പിംഗിനും മേളയിൽ അവസരമൊരുക്കി. വ്യത്യസ്ത ഉൽപന്നങ്ങളുമായി 60ൽപരം കൺസ്യൂമർ സ്റ്റാളുകളും നാവിൽ കൊതിയൂറും രുചിവിഭവങ്ങളുമായി വിശാലമായ ഫുഡ്കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന അമ്യൂസ് മെന്റ് റൈഡുകളും വിവിധ ഗെയിംഷോകളും ഫലവൃക്ഷത്തൈകളും പൂച്ചെടികളുമായി ഗാർഡൻ നേഴ്സറിയും മോട്ടോർ എക്സ്പോയുമെല്ലാം ആളുകൾക്ക് വേറിട്ട അനുഭവങ്ങളായി. ദിവസവും രാവിലെ 11മുതൽ നടക്കുന്ന പ്രദർശനം നാളെ രാത്രി 9ന് സമാപിക്കും.