 
ചെങ്ങന്നൂർ: ഇന്ധന വില വർദ്ധനവ് മൂലം അടുക്കളയിലെ കണക്കുകൾ താളം തെറ്റുമ്പോൾ നെഞ്ചുരുകുന്നത് വീട്ടമ്മമാരുടെയാണ്. അതിനാലാണ് വിലക്കയറ്റതിനെതിരെയുള്ള പ്രക്ഷോഭം മഹിള അസോസിയേഷൻ ഏറ്റെടുക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയ, കൊവിഡ് ദുരിതകാലങ്ങളിൽ പിണറായി സർക്കാർ നൽകിയ ആനുകൂല്യങ്ങളിൽ ഏറ്റവും ആശ്വാസം ലഭിച്ചത് വീട്ടമ്മമാർക്കാണ്. തിരഞ്ഞെടുപ്പു പത്രികയിൽ സ്ത്രീകൾക്കായി നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുകയാണ്. ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും സുരക്ഷിതമായി നമ്മൾ കരുതുന്ന കുടുംബത്തിൽ ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലീല അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, വൈസ് പ്രസിഡന്റ് കെ.ജി രാജേശ്വരി, സുശീല മണി, ആർ.പുഷ്പലത മധു, കെ.കെ ജയമ്മ, പി.കെ ജുമൈലത്ത്, എം.ശശികുമാർ, എം.എച്ച് റഷീദ്, ആർ.രാജേഷ്, പി.ഡി ശശിധരൻ, ജയിംസ് ശമുവേൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രഭ മധു സ്വാഗതവും ഹേമലത മോഹൻ നന്ദിയും പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് ജംഗ്ഷനിലേക്ക് പ്രകടനം നടന്നു.