sasi
പരിക്കേറ്റ ഹോം ഗാർഡ് ശശി

പത്തനംതിട്ട: പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷ സിഗ്നൽ കാത്തു കിടന്ന ബസിൽ ഇടിച്ച് ഹോം ഗാർഡിനും ഡ്രൈവർക്കും പരിക്കേറ്റു. അബാൻ ജംഗ്ഷ നിലെ ഹോം ഗാർഡായ ശശി(57), ഓട്ടോ ഡ്രൈവർ വലഞ്ചുഴി സ്വദേശി ഷാനവാസ്(37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30ന് അബാൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. ശശിക്ക് വലതുകയ്യിലെ വിരലിനും തലയുടെ പിറകിലുമാണ് പരിക്ക്. കാലിനും കൈയ്യിലും സാരമായ പരിക്കേറ്റ ഷാനവാസിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോയുടെ പിൻസീറ്റിലുണ്ടായിരുന്ന ഷാനവാസിന്റെ മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മിനി സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്നും കണ്ണങ്കരയിലേക്ക് ഓട്ടോയോടിച്ച് പോകുകയായിരുന്ന ഷാനവാസ് പല ബൈക്കുകളിലും തട്ടിയതായി അബാനിൽ വെച്ച് യാത്രക്കാരിൽ ചിലർ ഹോം ഗാർഡായ ശശിയോട് പറഞ്ഞു. ഹോം ഗാർഡ് ഓട്ടോ തടഞ്ഞ് പരിശോധിച്ചു. പരിശോധനയിൽ ഷാനവാസ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഓട്ടോ കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞ് ഹോം ഗാർഡും ഓട്ടോയിൽ കയറി. അതോടെ ഷാനവാസ് വേഗത്തിൽ ഓട്ടോ മുന്നോട്ട് എടുക്കുകയായിരുന്നു .