മണ്ണടി : ദിശാ ബോർഡുകൾ ദിശ തെറ്റിച്ച് സ്ഥിപിച്ചിരിക്കുന്നതായി പരാതി. എം.സി.റോഡിൽ കൂടി ഏനാത്ത് എത്തി ദിശാസൂചിക നോക്കി മണ്ണടിയിലേക്ക് യാത്ര ചെയ്താൽ എത്തിചേരുന്നത് ഏഴംകുളത്തോ പട്ടാഴിയിലോ ആണ് .കാരണം ടൂറിസം വകുപ്പും പൊതുമരാമത്ത് വകുപ്പും ഇവിടെ വച്ചിരിക്കുന്ന ദിശാസൂചിക ബോർഡുകളെല്ലാം തെറ്റായ ദിശയിലാണ്. ചരിത്ര പ്രസിദ്ധമായ മണ്ണടിയിലേക്ക് അടൂർ ഭാഗത്ത് നിന്ന് വരുന്നവർക്കും കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർക്കും വേണ്ടി സ്ഥാപിച്ചിട്ടുള്ള ദിശാ ബോഡുകൾ ശരിയായ ട്രാഫിക് ചിഹ്നങ്ങൾ നൽകിയല്ല സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ ദിശാ ബോർഡുകൾ നോക്കി യാത്ര ചെയ്താൽ ഏഴകുളം ഭാഗത്തേക്കോ, അല്ലങ്കിൽ പത്തനാപുരം ഭാഗത്തേക്കോ ആണ് എത്തിച്ചേരുക. ഏനാത്ത് പെട്രാൾ പമ്പ് ജംഗ്ഷൻ, സഹകരണ ബാങ്ക് ജംഗ്ഷൻ, ബസ് സ്റ്റാന്റിന് സമീപവും സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെല്ലാം മണ്ണടിയിലേക്കുള്ള ദിശാസൂചിക കൊടുത്തിരിക്കുന്നത് കിഴക്ക് ഭാഗത്തേക്കാണ്. ഏഴംകുളം - കടമ്പനാട് മിനി ഹൈവേയിൽ ഏനാത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കാണ് മണ്ണടിയിലേക്ക് പോകേണ്ടത്. വേലുത്തമ്പിയെ ദളവാ മ്യൂസിയവും, കാമ്പിത്താൻ മണ്ഡപവും, സന്ദർശിക്കാനും മണ്ണടി ദേവീ ക്ഷേത്രത്തിലുമായി നിരവധി പേരാണ് ദിവസവും കൊട്ടാരക്കര , അടൂർ വഴി ഏനാത്ത് എത്തുന്നത്. യാത്രക്കാരെ വഴി തെറ്റിക്കുന്ന ബോർഡുകൾ മാറ്റി ശരിയായ ബോർഡ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മണ്ണടി പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി ആവശ്യപ്പെട്ടു.