പത്തനംതിട്ട : ശബരിമല പാതയിൽ മണ്ണാറക്കുളഞ്ഞിയിൽ തീർത്ഥാടകർ സഞ്ചരിച്ച കാറും പച്ചക്കറി കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച് കുട്ടിയുൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. ദർശനം കഴിഞ്ഞു മടങ്ങിയ തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറിലുണ്ടായിരുന്ന നന്ദു (27), അഖിൽ (19), സജു (39), സാബെത്ത് (6), ബിജുമോൻ (46), ബിജു (46), സനിൽ കുമാർ (54) എന്നിവർക്കും മിനി വാനിലുണ്ടായിരുന്ന തേനി സ്വദേശികളായ പ്രഭു (23), ശബരിഗിരി (58) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സാബെത്ത്, പ്രഭു, ശബരിഗിരി എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. സാബെത്തിനെ തിരുവനന്തപരത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേർ തേനിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി.