pta

പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റില്ലാതെ ഗതാഗതം ഏഴ് മാസം പിന്നിട്ടു. ഫെബ്രുവരിയിൽ സിഗ്‌നലിനടുത്തുള്ള കലുങ്ക് പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം താത്കാലികമായി നിറുത്തിയത്. എന്നാൽ കെ.എസ്.ഇ.ബിയുടെ പോസ്റ്റും പി.ഡബ്യൂ.ഡിയുടെ ദിശാ ബോർഡുകളും സിഗ്‌നൽ ലൈറ്റിന്റെ പോസ്റ്റിന് സമീപമുള്ളതിനാൽ ഇവ നീക്കം ചെയ്തതിന് ശേഷം മാത്രമേ സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിക്കാൻ കഴിയു.

സിഗ്നൽ ലൈറ്റ് സംവിധാനങ്ങളുടെ ചുമതലയുള്ള കെൽട്രോൺ അറിയാതെ പി.ഡബ്യൂ.ഡി സിഗ്‌നൽ ലൈറ്റ് എടുത്ത് മാറ്റിയതിനാൽ പിഴ അടയ്ക്കണമെന്ന് കെൽട്രോൺ ആവശ്യപ്പെട്ടിരുന്നു.

പിഴ അടച്ചതിനെ തുടർന്ന് പണി ആരംഭിക്കാനെത്തിയെങ്കിലും പോസ്റ്റും ദിശാ ബോർഡും തടസമായി.

വാട്ടർ അതോറിട്ടിയുടെ പൈപ്പിടലിനെ തുടർന്ന് സിഗ്‌നൽ ലൈറ്റിന്റെ കേബിളുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിച്ച് വേണം നിർമ്മാണം നടത്താൻ. സിഗ്‌നൽ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഇതിനകം ഇവിടെ നടന്നു. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടെങ്കിലും സിഗ്‌നൽ ഇല്ലാത്തതിനാൽ ഡ്രൈവർമാർ തോന്നിയപോലെ പോകുകയാണ് പതിവ്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനും ഏറെ ബുദ്ധിമുട്ടാണ്.

തെരുവ് നായയും

സിഗ്നൽ ലൈറ്റില്ലാത്തതിന് പുറമേ നിരവധി തെരുവ് നായകളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലുണ്ട്. കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനക്കാരെയും ഇവ ആക്രമിക്കാറുമുണ്ട്.

" കെ.എസ്.ഇ.ബിയുടെ പോസ്റ്റും ദിശാ ബോർഡും നീക്കം ചെയ്യാതെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കഴിയില്ല. "

കെൽട്രോൺ അധികൃതർ