 
അടൂർ : അടൂർ നഗരസഭയിൽ കാട്ടുപന്നികളെ അമർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി പല പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പരാതി. പന്നിവിഴ പുതുവാക്കൽ ഏലാ, കരുവാറ്റ ഏല തുടങ്ങി ഒട്ടു മിക്ക സ്ഥലങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. കാട്ടുപന്നിളുടെ ശല്യം ഒഴിവാക്കാനായി പല കർഷകരും തങ്ങളുടെ കൃഷിയിടങ്ങളിൽ തകരഷീറ്റ്കൊണ്ട് മറയുണ്ടാക്കി സംരക്ഷിച്ചെങ്കിലും യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പന്നിവിഴ കോക്കാട്ടുപടി ഏലായിൽ ബോബി മാത്തുണ്ണിയുടെ കൃഷിയിടത്തിൽ മാത്രം 150ൽ അധികം മരച്ചീനിയും വലിയചേമ്പ്, വാഴ എന്നിവയും കഴിഞ്ഞിടെ കാട്ടു പന്നി നശിപ്പിച്ചു.പന്നിവിഴ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ജെ.ബാബു, മുൻ പ്രസിഡന്റ് കെ.വിധു, ശാമുവേൽ വി.ജോർജ്ജ്, ഡോ.ദീപക്, രാധാകൃഷ്ണൻ, പൗലോസ് എന്നിവരുടെ കൃഷിയിടങ്ങളിലെ കാർഷിക വിളകളും നശിപ്പിച്ചു.ഒരുഭാഗത്ത് കൃഷിയിലേക്കിറങ്ങാൻ സർക്കാർ പറയുന്നു. മറുഭാഗത്ത് പണംചെലവഴിച്ചിറക്കുന്നു. കൃഷി കാട്ടുപന്നികൾ നശിപ്പിക്കുന്നു. വിളവെടുക്കാറായ കൃഷിചെയ്ത മരച്ചീനിയുടെ മൂട്ടിലെ മുഴുവൻ കിഴങ്ങുകളും തിന്നത് ഉയർത്തിക്കാട്ടി എന്തിന് ഇങ്ങനെ കൃഷിചെയ്യണമെന്ന് പന്നിവിഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും കർഷകനുമായ ബോബി മാത്തുണ്ണിയും വിദ്യാർത്ഥിയായ മകനും ചോദിക്കുമ്പോൾ ഉത്തരംകൊടുക്കേണ്ടവർ ഇപ്പോഴും നിസംഗത പാലിക്കുകയാണ്.