റാന്നി: വൃശ്ചികം ഒന്നു മുതൽ റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. വിവിധ മേഖലകളിലായി 501പേരുങ്ങുന്ന വിവിധ കമ്മിറ്റികളാണ് രൂപീകരിച്ചത്. പ്രമോദ് നാരായണൻ എം.എൽ.എ ചെയർമാനും പ്രസാദ് കുഴിക്കാല പ്രസിഡന്റും എസ്.അജിത് കുമാർ ജനറൽ കൺവീനറുമാണ്. വി.കെ രാജഗോപാലാണ് ജനറൽ സെക്രട്ടറി. മഹാസത്രം 30 ദിവസം പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. തുടർന്ന് അയ്യപ്പ ഭാഗവത യജ്ഞം ആരംഭിക്കും. യജ്ഞാചാര്യന്മാർ എട്ട് നാളുകൾ കൊണ്ട് അയ്യപ്പ ഭാഗവതം പൂർണമായി മന്ത്ര രൂപേണ ജപിച്ച് തീർക്കും. തുടർന്ന് സർവ്വ ദോഷ പാപ സംഹാരത്തിനായി മഹാ നവഗ്രഹ യജ്ഞവും മഹാ നവഗ്രഹ ഹോമവും നടക്കും. സംഗീതാർച്ചനയോടുകൂടിയ ശ്രീചക്ര നവാഹരണ പൂജയും നടക്കും. വൃശ്ചികം ഒന്നു മുതൽ നടന്നു വരുന്ന ശനീശ്വരപൂജയും ശനിദോഷ നിവാരണ യജ്ഞവും കൂടുതൽ വിപുലമായി ഈ ദിവസങ്ങളിൽ നടക്കും. റാന്നി വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ ധർമ്മ സേവാ സമിതിയാണ് സംഘാടകർ.