 
പന്തളം: നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പരമ്പരാഗത യാഥാസ്ഥിതിക ചിന്തകൾക്കെതിരെ ശക്തമായി പ്രവർത്തിച്ച മഹാത്മാവായിരുന്നു ബസവേശ്വരനെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓൾ ഇന്ത്യ വീരശൈവ മഹാസഭ പന്തളം ശാഖയുടെ സാംസ്‌കാരിക സമ്മേളനം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാചാരങ്ങൾക്കെതിരെ നൂറ്റുകളായി പറയാൻ മടിച്ചിരുന്ന കാര്യങ്ങളാണു ബസവേശ്വരൻ പറഞ്ഞിരുന്നത്. മതങ്ങൾക്കപ്പുറം മനുഷ്യനാണുള്ളതെന്നും മന്ത്രി പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണു നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഒാണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നമ്മുടെ ചരിത്രം നന്നായി പഠിക്കുകയും ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നതിനെതിരെ തിരുത്തൽ ശക്തിയാകണമെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എംപി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.പന്തളം മങ്ങാരം കരയോഗം ഹാളിലൊരുക്കിയ റാണി ചെന്നമ്മ നഗറിൽ ചേർന്ന സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ രാജേഷ് ജി.അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കതോലിക്കേറ്റ് കോളേജ് മലയാളം അദ്ധ്യാപിക മോനിഷ എം.ബസവേശ്വര പ്രഭാഷണവും മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ ആമുഖപ്രഭാഷണവും നടത്തി. ചടങ്ങിൽ വീരശൈവ പ്രതിഭകളെ ആദരിച്ചു.
പന്തളം നഗരസഭാ കൗൺസിലർമാരായ ശ്രീദേവി കെ.വി, സുനിത വേണു, മഹാസഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് മധുസൂദനൻ പിള്ള, സെക്രട്ടറി ഷൈലജ ശശി, ട്രഷറർ ലീലമ്മ പി.എസ്, മഹാസഭ മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ഓമന മോഹൻ, സെക്രട്ടറി എ. ചന്ദ്രകുമാരി, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് രതീഷ് ആർ, സെക്രട്ടറി അജിയ് ജി, സഭ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബീനു കെ.ശങ്കർ,പത്തനംതിട്ട, ആലപ്പുഴ ജില്ലാ പ്രസിഡന്റുമാരായ കെ.രാജേന്ദ്രൻ, സജി ടി.എസ്, മറ്റു സംസ്ഥാന, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു. ആഘോഷ കമ്മിറ്റിയംഗങ്ങളായ സനിൽ കുമാർ കെ.എസ് സ്വാഗതവും, സോമൻപിള്ള കുടശനാട് നന്ദിയും പറഞ്ഞു. ശാഖാ പ്രസിഡന്റ് പി.പി.രാജൻപിള്ള രാവിലെ പതാക ഉയർത്തിയയാണ് ആഘോഷത്തിനു തുടക്കം കുറിച്ചത്. പരിപാടികളുടെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനമേള, സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സുനിൽ വിശ്വത്തിന്റെ നേതൃത്വത്തിൽ പന്തളം ഫാക് ക്രിയേഷൻസിന്റെ നാടൻ പാട്ടുകൾ എന്നിവ നടത്തി.