office
പെരിങ്ങര പഞ്ചായത്ത് ഓഫിസിൽ അടിത്തറയുടെ നിർമ്മാണം തുടങ്ങിയപ്പോൾ

തിരുവല്ല: അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ പ്രവർത്തനം നിലയ്ക്കുന്ന പെരിങ്ങര പഞ്ചായത്ത് ഓഫീസ് അതിൽനിന്ന് കരകയറാനുള്ള ശ്രമം തുടങ്ങി. പഞ്ചായത്ത് ഓഫീസിന്റെ അടിത്തറ ഒന്നരയടിയോളം ഉയർത്തി പ്രശ്‌നം പരിഹരിക്കാനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു. കഴിഞ്ഞ നാലു വർഷമായി ഉണ്ടാകുന്ന എല്ലാ വെള്ളപ്പൊക്കങ്ങളിലും കെട്ടിടത്തിനുള്ളിൽ വെള്ളം കയറിയിരുന്നു. ഇതുമൂലം താഴത്തെ നിലയിലുള്ള ഓഫീസുകളുടെ പ്രവർത്തനം മുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് കെട്ടിടത്തിന്റെ അടിത്തറ ഉയർത്തുന്നതിന് തീരുമാനിച്ചത്. 1500 ചതുരശ്ര അടിയോളം വരുന്ന കെട്ടിടത്തിന്റെ തറ ഉയർത്തി പ്പണിയും. ഇതിനായി എട്ടുലക്ഷം രൂപയാണ് തദ്ദേശ ഭരണ വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന ഫ്രണ്ട് ഓഫിസ് ഉൾപ്പെടെയുള്ളവ നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകൾ നിലയിൽ സജ്ജമാക്കി. തറയിലെ ടൈൽസ് ഇളക്കിമാറ്റി ക്വാറി മക്ക് നിരത്തുന്ന ജോലികളാണ് തുടങ്ങിയത്. വരുന്ന ദിവസങ്ങളിൽ അടിത്തറ ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്ത് ടൈൽ പാകും. ദ്രവിച്ച കട്ടിളകളും മറ്റും മാറ്റി സ്ഥാപിക്കും. കെട്ടിടത്തിന്റെ മുൻ വശത്ത് തറയോട് പാകും