road-
വൺവേ റോഡിൽ സൈൻ ബോർഡ് കാലപ്പഴക്കത്താൽ മാഞ്ഞുപോയ അവസ്ഥയിൽ

റാന്നി: വടശേരിക്കര മാർക്കറ്റ് റോഡിൽ നിന്നും പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ബംഗ്ലാംകടവ് പാലത്തിലേക്കു കടക്കാനുള്ള വൺവേ റോഡിൽ അപകടം അരികെ. ബംഗ്ലാംകടവ് ഭാഗത്തു നിന്നും വടശേരിക്കര പത്തനംതിട്ട റോഡിലേക്ക് കയറുന്നതിനു പ്രവേശനം നിരോധിച്ചു ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇതു തുരുമ്പെടുത്തു മാഞ്ഞു പോയ സ്ഥിതിയിലാണ്. അതുമൂലം നിരവധി വാഹനങ്ങളാണ് ഇതുവഴി ഇരുവശത്തേക്കും കടന്നു പോകുന്നത്. കുത്തു കയറ്റത്തോടൊപ്പം ശബരിമല പാതകൂടിയായ പ്രധാന റോഡിലേക്ക് കയറി വരുന്ന വാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടം ഉണ്ടാക്കാറുണ്ട്. പ്രധാന റോഡിൽ വരുന്ന വാഹനങ്ങൾക്ക് ഈ പാത ഭീഷണിയായതുമൂലമാണ് ഇവിടെ വൺവേ സംവിധാനം ഏർപ്പാടാക്കിയത്. എന്നാൽ ഇപ്പോൾ സൈൻ ബോർഡ് ഇല്ലാത്തതുമൂലം ഏതു നിമിഷവും ഇവിടെ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പെട്രോൾ പമ്പിന് സമീപത്തുകൂടിയുള്ള റോഡിൽ സഞ്ചരിക്കുന്ന ദൂരം കുറക്കാനായി പലരും ഇപ്പോൾ തിരഞ്ഞെടുക്കുന്ന വഴി ഇതാണ് അതിനുപുറമെ കൂടുതലും അപരിചിതരായ യാത്രക്കാരാണ്‌ വൺവേ തെറ്റി വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നത്. വടശേരിക്കര ടൗൺ ഭാഗത്തുനിന്നും തുടങ്ങുന്ന റോഡ് കുത്തിറക്കം ആയതിനാൽ ബംഗ്ലാംകടവ് ഭാഗത്തു നിന്നും കയറി വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കില്ല ഇതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. അധികൃതർ ഇടപെട്ടു വൺവേ സംവിധാനം കാര്യക്ഷമമാക്കി പുതിയ സൈൻ ബോർഡ് സ്ഥാപിച്ചു അപകക്കെണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.