പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ പ്രമാടം ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഫണ്ട് അനുവദിച്ച് മാസങ്ങളായെങ്കിലും പദ്ധതി വൈകുന്നത് സംബന്ധിച്ച് ഏറെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എസ്റ്റിമേറ്റ് യുദ്ധകാല അടിസ്ഥാനത്തിൽ തയാറാക്കി ഒക്ടോബർ 30ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ജല അതോറിറ്റി അധികൃതർക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. 9669 കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ 102.8 കോടി രൂപയുടെ വിപുലീകരണ പദ്ധതിയാണ് പ്രമാടത്ത് നടപ്പാക്കുന്നത്. ജില്ലയിലെ ഏ​റ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം. 19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമാടത്ത് 35000ൽ കൂടുതൽ ജനസംഖ്യയുണ്ട്. നിലവിലുള്ള അച്ചൻകോവിലാ​റ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴ സമയത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. കാലപ്പഴക്കം കാരണം പ്രധാന പൈപ്പ് ലൈനുകൾ ഉൾപ്പടെ പൊട്ടി കുടിവെള്ളം മുടങ്ങുന്നതും പതിവാണ്. പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

നാല് പുതിയ വാട്ടർ ടാങ്കുകൾ... അച്ചൻകോവിലാറ്റിൽ കിണർ

പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിന് സമീപത്തായാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാ​റ്റിലെ വ്യാഴി കടവിൽ കിണർ നിർമ്മിക്കും. മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കാൻ കഴിയും.

..........................

102.8 കോടി രൂപയുടെ പദ്ധതിയാണ് പ്രമാടത്ത് നടപ്പാക്കുന്നത്. 9669 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒക്ടോബർ പകുതിയോടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും 30ന് ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്യും. പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രമാടത്തിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.

അഡ്വ.കെ.യു.ജനീഷ് കുമാർ

(എം.എൽ.എ)

......................

- 9669 കുടുംബങ്ങൾക്ക് പ്രയോജനം

-ടെണ്ടർ അടുത്തമാസം 30ന്