 
മല്ലപ്പള്ളി :ആർക്കും വേണ്ടാതെ താലൂക്ക് ആസ്താനത്തെ സർക്കാർ കെട്ടിടങ്ങൾ അടഞ്ഞുകിടന്നു നശിക്കുന്നു. മല്ലപ്പള്ളി-തിരുവല്ല റോഡിൽ മാർക്കറ്റിന് സമീപത്തെ പഴയതും പുതിയതുമായ പോലീസ് സർക്കിൾ ഓഫീസ് മന്ദിരങ്ങൾ മാസങ്ങളായി അടഞ്ഞു കിടക്കുന്നു. പോലീസ് സ്റ്റേഷനുകളിലെ ചുമതല എസ് ഐ മാരിൽ നിന്നും മാറ്റി സർക്കിൾ ഇൻപെക്ടർമാർക്ക് ചുമതല വന്നതോടെ മല്ലപ്പള്ളിയിലെ സർക്കിൾ ഓഫീസ് കെട്ടിടം അടഞ്ഞു.മേൽക്കൂരയിലും ഷെയ്ഡുകളിലും കാടും വള്ളിയും പടർന്നു നിറഞ്ഞു. ഭിത്തികളിൽ പായലും വ്യാപിച്ചു. ജീപ്പ് പാർക്കു ചെയ്യുന്നതിന് നിർമ്മിച്ച ടിൻഷീറ്റുകളും നാശത്തിന്റെ വക്കിൽ സബ്ഡിവിഷനൽ പോലീസ് ട്രയിനിംങ്ങ് സെന്റെർ , പോലീസ് എയിഡ് പോസ്റ്റ്, കൺട്രോൾ റൂം എന്നീ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും പ്രവർത്തിക്കുന്നില്ല. 2009 ജൂലൈ 31 ന് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഇതോടെ കാടുകയറി ഇഴജന്തുക്കളുടെ താവളമായത്. സമീപത്തെ പതിറ്റാണ്ടുകൾക്ക് മുമ്പ് ഓഫീസ് പ്രവർത്തിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഒരു കിലോമീറ്റർ മാറി കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ സി എം എസ് ജംഗ്ഷനു സമീപം 10 വർഷമായി പ്രവർത്തനം നിലച്ച പഞ്ചായത്ത് നേഴ്സറി സ്കൂൾ കെട്ടിടവും ശോച്യാവസ്ഥയിലാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ നേഴ്സറി സ്കൂളിൽ 28 കുട്ടികളോളം പഠനം നടത്തിയിരുന്നു. അങ്കണവാടിയും മറ്റു സ്കൂളുകളും എത്തിയതോടെ കുട്ടികളുടെ നേഴ്സറിയിലേക്കുള്ള വരവു നിലച്ചു. ഇവിടെയുണ്ടായിരുന്ന അധ്യാപികയെ പഞ്ചായത്ത് അധീനതയിലുള്ള ലൈബ്രറിയിലേക്ക് വർക്ക് അറേഞ്ച്മെന്റിൽ മാറ്റിയിട്ടും വർഷങ്ങൾ പിന്നിടുന്നു. ഈ കെട്ടിടത്തിലായിരുന്നു പഞ്ചായത്ത് ഓഫീസിന്റെ ആദ്യകാല പ്രവർത്തനവും . എന്തായിരുന്നാലും നേഴ്സറി സ്കൂൾ കെട്ടിടം നവീകരണമില്ലാതെ ചോർന്നൊലിച്ച് , ചിതൽ പിടിച്ച് മൂക്കുകുത്താറായിട്ടും അധികാരികളുടെ മുമ്പിൽ ഇവ കാഴ്ചകളായി ഒതുങ്ങുമ്പോൾ ഇത് മല്ലപ്പള്ളിയുടെ മാത്രം ശാപമോ ?