തിരുവല്ല: തിരക്കേറിയ എം.സി. റോഡിൽ യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നവിധം വളർന്നു നിന്ന കുറ്റിക്കാടുകൾ അധികൃതർ നീക്കി. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമാണ് കാടും വള്ളിപ്പടർപ്പും വളർന്ന് യാത്രക്കാർക്ക് അപകട ഭീഷണിയായിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് നഗരസഭാ അധികൃതരെത്തി കാടും വള്ളിപ്പടർപ്പുകളും നീക്കം ചെയ്തു. റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് പൊതുമരാമത്ത് സ്ഥാപിച്ച ദിശാസൂചക ബോർഡുകളിൽ പടർന്നുകയറിയ വള്ളിപ്പടർപ്പുകളും നീക്കി. എം.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് കട്ടകൾ പാകി വെടിപ്പാക്കിയ നടപ്പാതയിൽ പുല്ലുവളർന്ന് നിന്നതും വെട്ടിമാറ്റി. കാൽനട യാത്രക്കാർക്ക് ഉപയോഗിക്കാനാവാത്തവിധം കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും യാത്രക്കാർക്ക് ഭീഷണിയായിരുന്നു. ഇടയ്ക്കിടെ നടപ്പാതയും പരിസരങ്ങളും വൃത്തിയാക്കി കാൽനടയാത്ര പ്രോത്സാഹിപ്പിക്കാൻ നഗരസഭയും പൊതുമരാമത്ത് അധികൃതരും തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.