ശബരിമല : കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. അത്താഴപൂജയ്ക്ക് ശേഷം രാത്രി 10 ന് മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിദ്ര യിലാക്കിയ ശേഷമാണ് നടഅടയ്ക്കുക. ഇന്നലെ ഉച്ചപൂജയ്ക്ക് മുന്നോടിയായി 25 കലശം, കളഭാഭിഷകം എന്നീ ചടങ്ങുകൾ നടന്നു. കിഴക്കേമണ്ഡപത്തിൽ പൂജിച്ച കളഭം അടങ്ങിയ ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു. കളഭാഭിഷിക്തനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴുതാണ് ഭക്തർ മലയിറങ്ങിയത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ പടിപൂജയും നടന്നു. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് പുഷ്പാഭിഷേകവും നടന്നു. ഇന്നും കളഭാഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നീ ചടങ്ങുകൾ നടക്കും.