 
പന്തളം : ഓണക്കാലം കഴിഞ്ഞിട്ടും കുതിച്ചുയർന്ന് അരിവില. തെക്കൻ കേരളത്തിൽ ഏറ്റവുമധികം വിറ്റുപോകുന്ന ജയ ,മട്ട വടി അരിക്ക് മൊത്തവില കിലോയ്ക്ക് 55 ആയി ഉയർന്നു. ഓണത്തിനു മുൻപ് ഇത് 49 ആയിരുന്നു. ചില്ലറ വില പലയിടത്തും കിലോഗ്രാമിന് 60 രൂപയോളമെത്തി. ലോഡിങ് ചെലവുകൾ ഉൾപ്പെടെ കണക്കുകൂട്ടുമ്പോൾ 60 രൂപയ്ക്കു താഴെ വിൽക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു. മറ്റു ബ്രാൻഡുകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. വില കുറവായിരുന്ന മട്ട ഉണ്ട അരിയുടെ വിലയും കൂടി, കിലോഗ്രാമിന് 45 രൂപയിൽ കൂടുതലായി, 10, 5, ബാഗുകളിൽ നിറച്ചുവരുന്ന അരിക്ക് ഇതിലും കൂടുതലാണ് വില. പൊടിയരി, ഉണക്കലരി, പച്ചരി എന്നിവയുടെ വിലയും ഏറുകയാണ്. അന്യ സംസ്ഥാനക്കാർ കൂടുതലായി ഉപയോഗിക്കുന്ന വെള്ളയരിക്കും (പൊന്നി) വിലയേറി.
ആന്ധ്രയിൽ നിന്ന് അരി വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മുൻപ് ഹോൾസെയിൽ വ്യാപാരികൾ ക്ക് കടമായി സാധനങ്ങൾ നൽകുമായിരുന്നു. ഇപ്പോൾ തുക മുൻകൂറായി അടച്ചാൽ മാത്രമേ കേരളത്തിലേക്ക് ലോഡ് അയയ്ക്കൂവെന്നാണ് ആന്ധ്രയിലെ മിൽ ഉടമകളുടെ നിലപാട്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നത് ചെയ്യുന്നുണ്ടെന്നും സപ്ലൈകോ സ്റ്റോർ വഴി പരമാവധി വില കുറച്ച് സാധനങ്ങൾ നൽകാനാണ് ശ്രമമെന്നും സപ്ലൈകോ അധികൃതർ പറയുന്നുണ്ടങ്കിലും വേണ്ടത്ര സാധനങ്ങൾ അവിടെ നിന്ന് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
പച്ചക്കറിക്കും തീവില
പച്ചക്കറികൾക്കും വില കുറയുന്നില്ല. കാരറ്റിനും ബീൻസിനും വിലയേറുന്നു. കാരറ്റിന് കിലോയ്ക്ക് 100 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഓണക്കാലത്ത് ഇത് 80 ആയിരുന്നു. ബീൻസിന് 110 രൂപവരെ വിലയുള്ള ഇടങ്ങളുമുണ്ട്. ഗുണമേന്മ അനുസരിച്ചു 90 രൂപ മുതലും ബീൻസ് ലഭ്യമാണ്. വെണ്ട, പടവലം, തക്കാളി തുടങ്ങിയവയ്ക്ക് ഓണവിപണിയെ അപേക്ഷിച്ച് നേരിയതോതിൽ വിലക്കുറവുണ്ട്. ഊട്ടിയിൽ നിന്നാണ് കാരറ്റും ബീൻസും കൂടുതലായി എത്തുന്നത്. ചൈനീസ് ഭക്ഷണങ്ങൾക്കെല്ലാം ഇവ ആവശ്യമായതിനാൽ വില ഉയർന്നിട്ടും വാങ്ങാൻ ആവശ്യക്കാരുണ്ടെന്നു കച്ചവടക്കാർ പറയുന്നു.