21-survey-stone
അമ്പലകടവ് പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സർവ്വേ സ്റ്റോൺ സ്ഥാപിക്കുന്നു

പന്തളം : അടൂർ -തുമ്പമൺ റോഡ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി വീതികൂട്ടി ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർവേ സ്റ്റോൺ സ്ഥാപിച്ചു. അമ്പലക്കടവ് പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സർവേസ്റ്റോൺ സ്ഥാപിച്ചത്. അടൂർ നഗരസഭ ചെയർമാൻ ഡി സജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, തുമ്പമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ടി. വർഗീസ്, പവിത്രൻ, ശ്രീജു, പൊഫ. തുമ്പമൺ രവി , അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹാരിസ് എന്നിവർ പ്രസംഗിച്ചു.

അടൂർ മുതൽ കോഴഞ്ചേരി വരെയാണ് റോഡ് നിർമ്മിക്കുന്നതിന് കിഫ്ബി തുക അനുവദിച്ചത്. അമ്പലക്കടവ് മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗം നേരത്തെ ടെൻഡർ ചെയ്തിരുന്നു. അടൂർ മണ്ഡലത്തിലെ അടൂർ മുതൽ തുമ്പമൺ അമ്പലക്കടവ് വരെയുള്ള ഭാഗമാണ് ഇപ്പോൾ ടെൻഡർ ചെയ്ത് സർവേ സ്റ്റോൺ സ്ഥാപിക്കുന്നത്. പത്ത് കിലോമീറ്റർ നീളംവരുന്ന റോഡ് പത്ത് മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. അൻപത് കോടി രൂപയാണ് ഇതിന് കിഫ്ബി അനുവദിച്ചത്. സർവേസ്റ്റോൺ സ്ഥാപിച്ചാലുടൻ വീതി കൂട്ടി റോഡ് സഞ്ചാരയോഗ്യമാക്കാനുളള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പത്ത് മീറ്റർ വീതിയിലാണ് ടാറിങ്ങ് വിഭാവനം ചെയ്തിട്ടുളളത്. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നതിനും കലുങ്കുകൾ , ചപ്പാത്തുകൾ, ഐറിഷ് ഡ്രെയിൻ, ട്രാഫിക് സുരക്ഷാമുന്നറിയിപ്പ് ബോർഡുകൾ എന്നിവയും പദ്ധതിയിലുണ്ട്.