കോന്നി : ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന കലഞ്ഞൂർ സ്വദേശി വിദ്യയ്ക്ക് സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൈപ്പത്തിക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യയെ മന്ത്രി സന്ദർശിച്ചു. ചികിത്സ പൂർണമായും സൗജന്യമായി ലഭ്യമാക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ഐ.സി.യു.വിൽ ചികിത്സയിലുള്ള വിദ്യ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വിദ്യയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. കൈയ്ക്ക് സ്പർശനശേഷിയും ചലനശേഷിയുമുണ്ട്. വീഡിയോ കോൾ വഴി വിദ്യ മകനുമായി സംസാരിച്ചു. 48 മണിക്കൂർകൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. വനിതാ ശിശുവികസന വകുപ്പിന്റെ നിയമസഹായവും മന്ത്രി ഉറപ്പുനൽകി. സ്വകാര്യ ആശുപത്രിയിൽ പത്തരലക്ഷം രൂപ ചിലവ് വരുന്ന ചികിത്സയാണ് മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്തത്. വിദ്യയുടെ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള പരിചരണത്തിനും പങ്കുവഹിച്ച ആരോഗ്യസംഘത്തെ മന്ത്രി അഭിനന്ദിച്ചു.