കോന്നി : പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കോന്നി - പുനലൂർ റീച്ചിൽ പണികൾ നീളുന്നതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. . ഈ ആഴ്ച തന്നെ കോന്നി നഗരത്തിലെ ടാറിങ് പൂർത്തീകരിച്ചില്ലെങ്കിൽ കടകൾ അടച്ചിട്ട് സമരം ആരംഭിക്കും. കെ എസ് റ്റി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കോന്നി നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുൻപ് തുടങ്ങിയിട്ടും ഇഴഞ്ഞുനീങ്ങുകയാണ് .ടാറിംഗുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് നഗരത്തിലെ മെറ്റലിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടും ടാറിംഗ് പൂർത്തീകരിക്കാൻ കരാർ കമ്പനി തയ്യാറായിട്ടില്ല.മെറ്റിലിങ്ങ് നടത്തിയിട്ടും ടാറിങ് നടത്താത്തത് മൂലം നഗരത്തിൽ വൻതോതിൽ പൊടിപടലങ്ങൾ ഉയരുകയാണ്.
ടാറിംഗുമായി ബന്ധപ്പെട്ട് വ്യാപാരികൾ കമ്പനി പ്രതിനിധികളുമായി പല തവണ ചർച്ച നടത്തിയെങ്കിലും നടപടി ഉണ്ടായില്ല.രാത്രി കാലങ്ങളിൽ വലിയ തിരക്കില്ലാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ തീർക്കാമായിരുന്നിട്ടും ഇതും ചെയ്യുന്നില്ല. വാട്ടർ അതോറിട്ടി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടത്തും ജല വിതരണ പൈപ്പ് പൊട്ടിച്ചിട്ടിരിക്കുന്നതിനാൽ പല വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമായിട്ട് മാസങ്ങൾ കഴിഞ്ഞതായി യൂണിറ്റ് പ്രസിഡന്റ് ഡി.അനിൽകുമാർ,ജനറൽ സെക്രട്ടറി സന്തോഷ് മാത്യു,ട്രഷറർ റഹ്‌മത്ത് ലബ്ബ,എക്സിക്യൂട്ടിവ് അംഗം മുഹമ്മദ്,ഉത്തമൻ,സുനിൽ കുമാർ എന്നിവർ പറഞ്ഞു.