 
പന്തളം: ലോകത്തിനു മുഴുവൻ സ്വീകാര്യമായ ദർശനമാണ് ശ്രീനാരായണഗുരുദേവൻ നൽകിയതെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനചരണം പന്തളം യൂണിയൻതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർവരും സോദരത്വേന വാഴുന്ന മാതൃകാ ലോകസൃഷ്ടിയായിരുന്നു ഗുരുവിന്റെ പരമ ലക്ഷ്യം. ഗുരുദർശനത്തിന്റെ അന്തസാരം ഈ ദർശനം കൊണ്ടും കർമ്മം കൊണ്ടും പ്രായോഗികതലത്തിൽ ഗുരു എത്തിച്ചു. ഇതാണ് ഗുരുവിനെ മറ്റു ഗുരുക്കന്മാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ മഹാസമാധി സന്ദേശം നൽകി.യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ആദർശ് സുരേഷ് മുടിയൂർക്കോണം ഉദയൻ പാറ്റൂർ, ബി.സുധാകരൻ, ഉളവക്കാട് നാണുകുട്ടൻ, രാജേഷ് കുരമ്പാല, രഘു പെരുമ്പുളിക്കൽ എന്നിവർ സംസാരിച്ചു. സമൂഹ പ്രാർത്ഥന, പ്രസാദ വിതരണം എന്നീ ചടങ്ങുകളും നടന്നു.