തിരുവല്ല: സ്വകാര്യസ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ തിണിർത്ത പാടുകൾ ശ്രദ്ധയിൽപ്പെട്ട മാതാവ് വിവരം ചോദിച്ചെങ്കിലും വെളിപ്പെടുത്തിയില്ല. ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകേണ്ട സമയമായപ്പോൾ താൻ ഇനി ഹോസ്റ്റലിലേക്ക് പോകില്ലെന്നും വിട്ടാൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിക്കുമെന്നും കുട്ടി മാതാവിനോട് പറഞ്ഞു. തുടർന്ന് കുട്ടിയെ മാതാവിന്റെ തിരുവല്ലയിലുളള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. തുടർന്നാണ് കുട്ടി മാതൃസഹോദരിയോട് കഴിഞ്ഞ മൂന്ന് മാസക്കാലമായി നടന്നിരുന്ന പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേതുടർന്നാണ് കുട്ടിയുടെ മാതാവ് തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. പരാതി സംബന്ധിച്ച റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്ന് ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷമാണ് സംഭവം സംബന്ധിച്ച് അറിയുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.