തിരുവല്ല: തിരുവല്ല-പൊടിയാടി റോഡിൽ കെ.എസ്‌.ഇ.ബി.യുടെ ട്രാൻസ്‌ഫോർമർ നീക്കാതിരുന്നതിനെ തുടർന്ന് നടപ്പാത നിർമ്മാണം തടസപ്പെട്ടു. എം.ജി.എം. സ്‌കൂൾ ഗ്രൗണ്ടിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്താണ് നടപ്പാത. പൊടിയാടി മുതൽ കുരിശുകവല വരെ കൈവരികൾ സ്ഥാപിച്ച് ഇന്റർലോക്ക് കട്ടകൾ പാകിയാണ് നടപ്പാതയുടെ നിർമ്മാണം. നേരത്തെ വീതി എടുത്തിട്ടിരുന്ന സ്ഥലങ്ങളിൽ നടപ്പാതയുടെ നിർമ്മാണത്തിന് തടസമില്ലായിരുന്നു. എന്നാൽ പാലിയേക്കര മുതൽ കച്ചേരിപ്പടി വരെയുള്ള ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന വീതിയിൽത്തന്നെ ഇരുവശങ്ങളിലും ഓടകളും നടപ്പാതയും നിർമ്മിച്ചതോടെ പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. നടപ്പാത നിർമ്മാണത്തിനായി കെ.എസ്.ഇ.ബിയുടെ ഒട്ടേറെ പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിരുന്നു. എന്നാൽ റോഡിന് വീതികുറവുള്ള എം.ജി.എം.സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തെ ട്രാൻസ് ഫോർമറും പോസ്റ്റും ഇതുവരെയും നീക്കിയിട്ടില്ല. ഇതുകാരണം ഈഭാഗത്തെ നടപ്പാതയുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. ട്രാൻസ് ഫോർമറിന്റെ ഇരുവശങ്ങളിലും മാത്രമാണ് നടപ്പാതയുള്ളത്. ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ടുള്ള ഭാഗത്ത് കുഴിയായി കിടക്കുകയാണ്. ഈ സ്ഥിതിയിൽ വഴിയാത്രക്കാർ ഇവിടെ എത്തുമ്പോൾ നടപ്പാതയിൽ നിന്ന് റോഡിലിറങ്ങി നടക്കേണ്ടിവരും. തലങ്ങുംവിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലിറങ്ങി നടക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. ട്രാൻസ്‌ഫോർമറും സുരക്ഷാവേലിയും നീക്കിയാൽ നടപ്പാത നിർമ്മിക്കുന്നതിന് തടസമില്ലെന്നാണ് കരാറുകാരുടെ സമീപനം. ഇവിടുത്തെ സ്ഥലപരിമിതിയാണ് കെ.എസ്.ഇ.ബി. അധികൃതർ ഉന്നയിക്കുന്നത്. എന്നാൽ സംരക്ഷണവേലി നീക്കിയശേഷം ട്രാൻസ്‌ഫോർമർ ഉയർത്തി സ്ഥാപിച്ചാൽ താഴെ നടപ്പാത പൂർത്തിയാക്കി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാകും. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു.