പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവിക്കുള്ള രണ്ടാമത്തെ സർവീസ് 25ന് ആരംഭിക്കും. രാവിലെ 5.30ന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തും. അവിടെ നിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ച് പത്തനംതിട്ടയിലെത്തും. 25ന് രാവിലെ 10ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മന്ത്രി വീണാ ജോർജ് പുതിയ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. പുൽമേടുകൾ, അണക്കെട്ടുകൾ, വന്യമൃഗങ്ങൾ എന്നിവയെ കണ്ട് ഗവിയിലേക്ക് യാത്ര ചെയ്യാനായി ദിവസവും ഇവിടെ എത്തുന്നത് നൂറുകണക്കിനു സഞ്ചാരികളാണ്. ഇപ്പോൾ രാവിലെ പത്തനംതിട്ടയിൽ നിന്ന് 6.30ന് പുറപ്പെടുന്ന ഒരു ബസ് മാത്രമാണുള്ളത്. കൊടും വളവുകൾ ഉള്ളതിനാൽ ചെറിയ ബസാണ് ഉപയോഗിക്കുന്നത്. നിറയെ യാത്രക്കാരുണ്ട്. ഗവിയിലേക്ക് രണ്ടാമത് ഒരു ബസ് കൂടി തുടങ്ങാൻ നേരത്തെ കെ.എസ്.ആർ.ടി.സി ക്രമീകരണങ്ങൾ നടത്തിയെങ്കിലും വനം വകുപ്പിന്റെ അനുമതി കിട്ടിയിരുന്നില്ല. മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് അനുമതി ലഭ്യമാക്കിയത്.