 
തിരുവല്ല: പൊടിയാടി - തിരുവല്ല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ദിശാസൂചനയ്ക്ക് പച്ച നിറത്തിലുള്ള സ്റ്റഡുകൾ സ്ഥാപിച്ചു. ജില്ലയിൽ റോഡുകളിൽ ആദ്യമായാണ് പച്ച നിറത്തിലുള്ള ഇത്തരം റിഫ്ളക്ടറുകൾ ഘടിപ്പിക്കുന്നത്. അരികുകളിൽ ചുവപ്പും മദ്ധ്യത്തിലൂടെ മഞ്ഞയും വെള്ളയും ഇടവിട്ടുള്ള റിഫ്ലക്ടറുകൾ (സ്റ്റഡുകൾ) മാത്രമാണ് സാധാരണയായി റോഡുകളിൽ ഉണ്ടായിരുന്നത്. പുതിയ റോഡ് സുരക്ഷാ നീയമങ്ങളുടെ ഭാഗമായാണ് പച്ചനിറവും ഇടംപിടിച്ചത്. പ്രധാന റോഡിൽ നിന്ന് ഉപറോഡുകളിലേക്കും മറ്റും വഴിതിരിയുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് റോഡിൽ കുമിളകൾ പോലെ ഉയർന്നുനിൽക്കുന്ന പച്ച നിറത്തിലുള്ള റിഫ്ളക്ടറുകൾ ഘടിപ്പിച്ചിട്ടുള്ളത്. ഇടവിട്ടുള്ള നിറങ്ങളിൽ പച്ചവെളിച്ചം രാത്രികാല യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ദൃശ്യാനുഭവമാകും. കുരിശുകവല, താലൂക്ക് ആശുപത്രി, കച്ചേരിപ്പടി, മാർക്കറ്റ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ ഇത്തരം റിഫ്ളക്ടറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങളിലും ഉടനെ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.