accident
തിരുവല്ല താലൂക്കാശുപത്രിക്കു സമീപം അപകടത്തിൽപ്പെട്ട ആംബുലൻസ് കെയിൻ ഉപയോഗിച്ച നീക്കുന്നു

തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചിന് താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് ആംബുലൻസ് ജീവനക്കാരനായ അഖിലിന് പരിക്കേറ്റത്. അഖിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടഭാഗം സ്വദേശിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻ ഉപയോഗിച്ച് ആംബുലൻസ് സംഭവ സ്ഥലത്തുനിന്ന് നീക്കംചെയ്തു. അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.
കാവുംഭാഗത്ത് ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് രണ്ടാമത്തെ അപകടം. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. അപകടമുണ്ടാക്കിയ ടിപ്പർ നിറുത്താതെ വിട്ടുപോയി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുപോയി.