കോന്നി: പയ്യനാമൺ പത്തലുകുത്തി അട്ടച്ചാക്കൽ റോഡ്‌ വീതി കൂട്ടി നവീകരിക്കുന്ന ജോലികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്‌ നവീകരിക്കുന്നത്. നൂറിലധികം കുടുംബങ്ങൾ ദിവസേന ആശ്രയിക്കുന്ന റോഡിന് ആവശ്യമായ വീതിയില്ലാത്തത് ജനങ്ങളെ ഏറെ വലച്ചിരുന്നു. കോന്നി കുമ്പഴ റോഡിൽ വെള്ളം കയറുമ്പോൾ സമാന്തര പാതയായി ഉപയോഗിക്കുന്ന റോഡിന്റെ വീതി കൂട്ടണമെന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.പത്തലുകുത്തിയിൽ പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തെ കയറ്റം പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇവിടെ സംരക്ഷണ ഭിത്തി കെട്ടി റോഡുയർത്തി അപകട സാദ്ധ്യത ഒഴിവാക്കുന്ന പ്രവർത്തികൾ നവീകരണത്തിന്റെ ഭാഗമായി നടക്കും. കോൺക്രീറ്റ്, ഐറിഷ് ഓട, ചപ്പാത്ത് നിർമാണം എന്നിവ പൂർത്തിയാക്കിയാണ് റോഡ്‌ നവീകരിക്കുന്നത്.അടവിക്കുഴിയിൽ നടന്ന ചടങ്ങിൽ റോഡ്‌ നവീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി നിർവഹിച്ചു. പഞ്ചായത്തംഗം തുളസി മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ വിജയൻ, കെ.പി.ശിവദാസ്, ബിനു കണ്ണന്മല, അജിത്ത് ഏബ്രഹാം,ബിജു.വി എന്നിവർ സംസാരിച്ചു.