പത്തനംതിട്ട: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും (എൻ.എെ.എ,) ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു. എൻ.എെ.എ, ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സാദിഖിന്റെ മുണ്ടുകോട്ടയ്ക്കൽ കൊന്നമൂട്ടിലെ വീട്ടിലെത്തിയത്. 3.40ന് റെയ്ഡ് തുടങ്ങി. രണ്ട് ലാപ് ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, സി.ഡി, പെൻഡ്രൈവ്, ചെക്ക് ലീഫുകൾ, ബാങ്ക് രേഖകൾ, പോപ്പുലർ ഫ്രണ്ട് എന്നെഴുതിയ ടീഷർട്ടുകൾ എന്നിവ പിടിച്ചെടുത്തു. മുപ്പതോളം തോക്കുധാരികളായ സി.ആർ.പി.എഫ് ഭടൻമാരുടെ അകമ്പടിയോടെയാണ് സംഘമെത്തിയത്. സംഘം എത്തിയതറിഞ്ഞ് സാദിഖ് പിൻവാതിലിലൂടെ വീടിന് സമീപത്തെ കെട്ടിടത്തിൽ ഒളിക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. സി.ആർ.പി.എഫും പൊലീസും കണ്ടെന്നറിഞ്ഞപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തി റെയ്ഡിനോട് സഹകരിച്ചു. എന്നാൽ, ഒളിക്കാൻ ശ്രമിച്ചെന്ന ആരോപണം സാദിഖിന്റെ ബന്ധുക്കൾ നിഷേധിച്ചു. മരണ വീട്ടിൽ നിന്ന് മടങ്ങിയെത്തിയതാണെന്നും നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന സാദിഖിന് ഒളിക്കേണ്ട ആവശ്യമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയ ശേഷവും റെയ്ഡ് തുടർന്നു. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് സംഘമെത്തിയത്. രാവിലെ 9.40നാണ് റെയ്ഡ് അവസാനിച്ചത്. ഇതിനിടെ, നാൽപ്പതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. പത്തനംതിട്ട പൊലീസെത്തി ഇവരെ തടഞ്ഞുനിറുത്തി. മാദ്ധ്യമ പ്രവർത്തകരെയും വീടിന് സമീപത്തേക്ക് കടത്തിവിട്ടില്ല. നാട്ടുകാർക്കൊപ്പം നിൽക്കുന്ന പൊതുപ്രവർത്തകനെ പാതിരാത്രിയിൽ തോക്കുമായി വന്ന് കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാകില്ലെന്ന് സാദിഖിന്റെ ഭാര്യയും ആയുർവേദ ഡോക്ടറുമായ ഫസീന തക്ബീർ പറഞ്ഞു. എന്തു കുറ്റത്തിനാണ് പാതിരാത്രിയിൽ വീട്ടിലെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. ഉറങ്ങിക്കിടന്ന എട്ടും അഞ്ചും മൂന്നും വയസുള്ള കുട്ടികളെ റെയ്ഡിനെത്തിയവർ എടുത്തുയർത്തി മാറ്റിയതായും അവർ പറഞ്ഞു.