റാന്നി : വടശേരിക്കര മുക്കുഴി കോട്ടുമലയിലെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം കടുവയിറങ്ങി ഫാമിലെ പോത്തിനെ പിടികൂടിയതോടെ പ്രദേശത്തെ ജനങ്ങളും തോട്ടം തൊഴിലാളികളും ഭീതിയിൽ. പലരും റബർ തോട്ടങ്ങളിലെ ജോലി ഉപേക്ഷിച്ചു പോകാനൊരുങ്ങുന്നു. പോത്തിനെ കൊന്നുതിന്നുന്ന കടുവയെക്കണ്ട ഭീതി വിട്ടൊഴിയാത്ത ടാപ്പിംഗ് തൊഴിലാളികളായ സുമംഗലയും മരുമകൻ അനിലും ഇന്ന് പ്രദേശത്തേക്ക് പോയതേയില്ല. കടുവയുടെ സാന്നിദ്ധ്യം അറിഞ്ഞതോടെ ആളുകളുടെ ഭയം ഇരട്ടിയായി. മുമ്പ് കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ ഭയന്ന് ജോലി ചെയ്തിരുന്നതെങ്കിലും ഇനി മുന്നോട്ടുള്ള കാര്യം എങ്ങനെയെന്ന ആശങ്കയിലാണ് തൊഴിലാളികൾ.. തോട്ടം മേഖലയിൽ വന്യജീവികൾ മുമ്പില്ലാത്തപോലെ നിരന്തര ശല്യമായി മാറുകയാണ്. തങ്ങളുടെ തൊഴിലിടങ്ങളും താമസ സ്ഥലവും വിട്ടൊഴിഞ്ഞ് മറ്റു സ്ഥലങ്ങളിലേക്ക് മാറാൻ ആളുകൾ നിർബന്ധിക്കപ്പെടുന്നു കടുവ ഇറങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് കാട്ടാനയുടെ സാന്നിദ്ധ്യം കാരണം റബർപാൽ എടുക്കാൻ കഴിയാതെ മഴയിൽ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കടുവയെ പിടിക്കാൻ അടിയന്തര നടപടി വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.