seva

അടൂർ : എല്ലാരോടും നിറഞ്ഞ സൗഹൃദം, കലാകാരൻ, മേയ്ക്കപ്പ്മാൻ.... എന്നീങ്ങനെ രാഷ്ട്രീയത്തിന് അതീതമായ പ്രതിഭ. ഇന്നലെ വാഹന അപകടത്തിൽ മരിച്ച ആനന്ദപ്പള്ളി സുരേന്ദ്രന് വിശേഷണങ്ങൾ ഏറെയാണ്. ആനന്ദപ്പള്ളിയുടെ മുഖമായിരുന്നു നടനും നാടൻ കലാകാരനുമായിരുന്ന സുരേന്ദ്രൻ. നേതാക്കളെ അണിയിക്കുന്ന പുഷ്പ കിരീടവും വാളും പരിചയുമെല്ലാം എന്നും സുരേന്ദ്രന്റെ സൃഷ്ടികളായിരുന്നു. സേവാദളിന്റെ ദേശീയ പരിശീലനം നേടിയ മികച്ച വോളന്റിയറായ സുരേന്ദ്രൻ നിരവധി കേരളയാത്രകളിൽ കെ.പി.സി.സി യുടെ ടീം അംഗമായിരുന്നു. സേവാദൾ ജില്ലാ ചീഫ് ഓർഗനൈസർ എന്ന നിലയിലും ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവച്ചു. സേവാദൾ ബ്ളോക്ക് - ജില്ല ചീഫ് ഓർഗനൈസറായി ഇരുപത്തഞ്ചുവർഷത്തോളം പ്രവർത്തിച്ചു. സേവാദൾ സംസ്ഥാനത്ത് നടത്തിയ 15 ക്യാമ്പിലും അഖിലേന്ത്യാതലത്തിൽ 10 ക്യാമ്പിലും പങ്കെടുത്ത സേവാദൾ ഭടൻ. ഡൽഹിയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ സേവാദൾ വോളന്റിയറായി പങ്കെടുത്തു. സേവാദളിന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും പ്രവർത്തിച്ചു. അടൂർ നഗരസഭ കൗൺസിലറായിരുന്നപ്പോൾ നാടിന്റെ വികസനത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു. പ്രസിദ്ധമായ ആനന്ദപ്പള്ളി മരമ‌ടി മത്സരം സംഘടിപ്പിക്കുന്നതിന് പിന്നിൽ സുരേന്ദ്രന്റെ പങ്ക് വിസ്മരിക്കാനാകില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന കാലയളവിൽ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. ഭാര്യ ജ്യോതി അടൂർ നഗരസഭ വൈസ് ചെയർപേഴ്സണായിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുശോചിച്ചു.